ചെമ്മംകടവ് കടലുണ്ടിപ്പുഴ നംബ്രാണി നവീകരണം: മലപ്പുറം നഗരസഭ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : ചെമ്മംകടവ് കടലുണ്ടിപ്പുഴ നംബ്രാണി നവീകരണത്തിൽ പതിനഞ്ചാം ധനകാര്യ കമീഷന്റെ നഗരസഞ്ചയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള മാർഗനിർദ്ദേശം ലംഘിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. പുഴ സംരക്ഷണ ഫണ്ട് പാഴായെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമി സംരക്ഷണമാണ് നടന്നതെന്നും റിപ്പോർട്ട്.

പതിനഞ്ചാം ധനകാര്യ കമീഷൻ മാർഗ നിർദേശവും സംസ്ഥാന സർക്കാരിന്റെ 2021 നവംമ്പർ 24ലെ ഉത്തരവും പ്രകാരം കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്ക്‌കരണം എന്നീ മേഖലകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് നഗരസഞ്ചയങ്ങൾക്ക് ഗ്രാന്റ് അനുവദിച്ചത്. ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളകൊയ്ത്ത്, മലിനജലത്തിന്റെ പുനചംക്രമണവും പുനരുപയോഗവും എന്നിവയാണ് പൊതുവായി ഏറ്റെടുക്കാവുന്ന പ്രവർത്തികൾ.

ഫയലുകളുടെ പരിശോധനയിലും സംയുക്ത സ്ഥല പരിശോധനയിലും കണ്ടെത്തിയത് ഫണ്ട് സ്വകാര്യ വ്യക്തികളുടെ ഭൂമി സംരക്ഷിക്കുന്നതിന് ഉപയോഗിച്ചവെന്നാണ്. 2023 ജൂലൈ 20ന് ഓഡിറ്റ് ടീം മുനിസിപ്പൽ അധികൃതരുമായി ചെമ്മംകടവ് കടലുണ്ടിപ്പുഴ നംബ്രാണി പ്രദേശം സംയുക്തമായി സന്ദർശനം നടത്തി.

സ്ഥല പരിശോധനയിൽ ഈ പ്രവർത്തിയുടെ ഒരു ഭാഗം നിർമിച്ചിരിക്കുന്നത് കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്നും ഏകദേശം 50 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന കളിസ്ഥലത്തിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനാണ്. മറ്റൊരു ഭാഗത്തെ നിർമാണം നടത്തിയിരിക്കുന്നത് പുഴയുടെ തീരത്തു നിന്നും ഏകദേശം 50 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയും വീടും സംരക്ഷിക്കുന്നതിനുള്ള ഭിത്തിയുമാണ്.

പുഴയുടെ സംരക്ഷണവുമായി ഈ പ്രവർത്തികൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കടലുണ്ടിപ്പുഴയുടെ ഒരു തീരം മുൻസിപ്പാലിറ്റിയിലും മറുതീരം കോഡൂർ പഞ്ചായത്തിലുമാണ്. അതിനാൽ കടലുണ്ടിപ്പുഴ മുൻസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ ആസ്തിയിലല്ല.

ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ള കൊയ്ത്ത്. മലിനജലത്തിന്റെ പുനചംക്രമണവും പുനരുപയോഗവും എന്നിവക്കാണ് പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് വിനിയോഗിക്കേണ്ടിയിരുന്നത്. എന്നാൽ, കളിസ്ഥലത്തിന്റെ സംരക്ഷണത്തിനും സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെയും വീടിന്റെയും സംരക്ഷണത്തിനും വേണ്ടി പുഴയുടെ സംരക്ഷണം എന്ന പേരിൽ നഗരസഞ്ചയത്തിലുൾപ്പെടുത്തി. ഈ നിർമാണം നടപ്പിലാക്കിയത് പതിനഞ്ചാം ധനകാര്യ കമീഷന്റെ നഗരസഞ്ചയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള മാർഗനിർദേശ പ്രകാരമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2022-23 വർഷത്തിൽ സിഡ്കോ എന്ന അക്രെഡിറ്റെഡ് എജൻസി തയാറാക്കിയ രണ്ട് കോടി രൂപയുടെ പദ്ധതിയാണിത്. 22 ാം വർഡിലുള്ള ചെമ്മംകടവ് കടലുണ്ടിപ്പുഴ നംബ്രാണി നവീകരണ പ്രവർത്തനങ്ങൾ സിഡ്കോയുടെ തന്നെ രണ്ട് കോടി രൂപക്കുള്ള കോൺടാക്റ്റ് അംഗീകരിച്ചു. 2022 ഡിസംബർ 30ന് കരാറും ഒപ്പിട്ടു. 2023 മാർച്ച് 29ന് പാർട്ട് ബിൽ ആയി 1,53,96,899 രൂപ നൽകി. ഫലത്തിൽ മാർഗ നിർദേശങ്ങളെല്ലാം നഗരസഭ അട്ടിമറിച്ചു. 

Tags:    
News Summary - Chemmkadav Kadalundipuzha Nambrani upgrade: Report says Malappuram Municipal Corporation has violated guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.