പത്തനംതിട്ട: ചെങ്ങറ ഭൂസമരക്കാരിൽ സർക്കാർ പട്ടയം നൽകിയത് 900 പേർക്ക്. ഭൂമികിട്ടിയത് 140 പേർക്കും. സമരക്കാർക്ക് വിതരണത്തിന് 10 ജില്ലയിലായി അന്ന് 831 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. എട്ടുജില്ലയിലേതും വാസയോഗ്യമല്ലാത്തതിനാൽ ചെങ്ങറ സമരക്കാർക്ക് അന്നത്തെ ഇടതുസർക്കാർ കൊണ്ടുവന്ന പാക്കേജ് പാടെ പാളുകയായിരുന്നു.
കൊല്ലം ജില്ലയിലെ അരിപ്പ, എറണാകുളം മൂവാറ്റുപുഴ, മലപ്പുറം പെരിന്തൽമണ്ണ, ഇടുക്കിയിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലായാണ് 140 കുടുംബത്തിന് വാസയോഗ്യ ഭൂമി ലഭിച്ചത്.
50 സെൻറിന് പട്ടയം നൽകിയവരിൽ 25 പേർക്ക് കൊല്ലം ചടയമംഗലത്തിനടുത്ത് 10 സെൻറ് വീതമാണ് നൽകിയത്. തിരുവനന്തപുരം ഉഴമലക്കലിൽ 87 ഏക്കറിന് പട്ടയം നൽകിയെങ്കിലും ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി വനം-റവന്യൂ വകുപ്പുകൾ തമ്മിൽ തർക്കമായതിനാൽ വിതരണം നടന്നില്ല.
പത്തനംതിട്ട ജില്ലയിൽ കണ്ടെത്തിയ 26 ഏക്കർ കേസിൽ കുടുങ്ങിയ ഭൂമിയായതിനാൽ വിതരണം നടന്നില്ല. ഏറ്റവും കൂടുതൽ പേർക്ക് ഭൂമി നൽകാൻ പദ്ധതിയിട്ടത് ഇടുക്കി, കാസർകോട് ജില്ലകളിലായിരുന്നു. ഇടുക്കിയിൽ 350 ഏക്കറും കാസർകോട്ട് 200 ഏക്കറുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തൃശൂർ തിരുവില്വാമലയിൽ 23 ഉം പാലക്കാട്ട് കോട്ടത്തറയിൽ 25 ഉം വയനാട് വൈത്തിരിയിൽ 20 ഉം കണ്ണൂർ പെരിങ്ങോമിൽ 56.54 ഉം ഏക്കർ പട്ടയം നൽകിയെങ്കിലും ഒന്നും വാസയോഗ്യമായിരുന്നില്ല.
2009ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സമരക്കാരുമായി ചർച്ച നടത്തി ഭൂമി നൽകാൻ വ്യവസ്ഥയുണ്ടാക്കിയത്. ഇതനുസരിച്ച് 2010 ജനുവരിയിൽ ഭൂമി വിതരണത്തിന് ഉത്തരവിറക്കി. സമരഭൂമിയിലെ 1495 കുടുംബങ്ങൾ ഭൂമിക്ക് അർഹരാണെന്ന് കണ്ടെത്തി.
ഇതിൽ പട്ടികവർഗക്കാരായ 38 കുടുംബത്തിന് ഒരേക്കർ വീതവും പട്ടികജാതിക്കാരായ 1227 കുടുംബങ്ങൾക്ക് 50 സെൻറ് വീതവും ഇതര സമുദായക്കാരായ 230 പേർക്ക് 25 സെൻറ് വീതവും നൽകാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇത് തട്ടിപ്പാണെന്നും പട്ടയം നൽകി സമരക്കാരെ സമരഭൂമിയിൽനിന്ന് ഒഴിപ്പിക്കാനുള്ള അടവുനയമാണെന്നുമുള്ള നിലപാടാണ് അന്ന് സമരനേതാവ് ളാഹ ഗോപാലൻ എടുത്തത്. ആരും പട്ടയം ൈകപ്പറ്റരുതെന്ന് അദ്ദേഹം പറെഞ്ഞങ്കിലും 900 പേർ പട്ടയം ൈകപ്പറ്റി.
സമരഭൂമിയായ ഹാരിസൺസ് മലയാളം കമ്പനിയുടെ കുമ്പഴ എസ്റ്റേറ്റിൽനിന്ന് ഇറങ്ങുകയും ചെയ്തു. സമരക്കാരിൽ 578 കുടുംബം ഇപ്പോഴും സമരഭൂമിയിൽതന്നെയാണ്. ഇവർക്ക് സമരസമിതി 50സെൻറ് വീതം അളന്നുതിരിച്ച് നൽകിയിട്ടുണ്ട്. പട്ടയം കിട്ടി സമരഭൂമി വിട്ട 760 പേർ വഴിയാധാരമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.