തിരുവനന്തപുരം: എൽ.ഡി.എഫിലേക്ക് വരാൻ കരുണാകരനെ ക്ഷണിച്ച സി.പി.എം പിന്നീട് അദ്ദേഹത്തെ രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ 12ാം ചരമവാർഷിക ദിനത്തിൽ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ് സി.പി.എമ്മിനെ വിമർശിച്ചത്.
‘‘2004ൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്കുകൾ മൂർച്ഛിച്ചപ്പോൾ എൽ.ഡി.എഫിലേക്ക് വരാൻ കരുണാകര വിഭാഗത്തെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സി.പി.എം നേതൃത്വമാണ്. അതിനെ തുടർന്നാണ് കരുണാകരൻ ഡി.ഐ.സി രൂപവത്കരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.ഐ.സിയുമായി സി.പി.എം സഖ്യമുണ്ടാക്കി. ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ സെബാസ്റ്റ്യൻ പോൾ (എറണാകുളം), പന്ന്യൻ രവീന്ദ്രൻ (തിരുവനന്തപുരം) എന്നിവരുടെ വിജയത്തിന് കരുണാകരന്റെ സഹായം തേടി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിൽ ഡി.ഐ.സിയുമായി സഖ്യം വേണ്ടെന്ന സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ കരുണാകരൻ ഞെട്ടി.
ഒരാൾ പോലും അദ്ദേഹത്തെ വിളിച്ചില്ല. മരണം വരെയും മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട കെ. മുരളീധരന്‍റെ തിരിച്ചുവരവ് കാണാൻ കഴിയാതെയാണ് കരുണാകരൻ അന്ത്യശ്വാസം വലിച്ചത്. കരുണാകരനുമായി സഖ്യത്തിന് ആദ്യം പരസ്യ നിലപാട് സ്വീകരിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. തങ്ങളുടെ കൈയിൽ 40 പേരുടെ ഫിക്സഡ് ഡെപ്പോസിറ്റുണ്ടെന്നും 31പേർ കൂടി വന്നാൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കാമെന്നുമാണ് വി.എസ് പറഞ്ഞിരുന്നത്. പിണറായി വിജയൻ മാത്രമാണ് കരുണാകരനുമായി സഖ്യത്തിന് അവസാനം വരെ വാദിച്ചത്’’- അദ്ദേഹം കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.