പാലക്കാട്: രാജ്യത്തിന്റെ സ്വാന്തന്ത്ര്യത്തിനുവേണ്ടി അക്ഷീണം പോരാടിയ ദേശീയ നേതാവ്, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി, കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്റ്, വിശേഷണങ്ങൾ ഏറെയുണ്ട് ചേറ്റൂർ ശങ്കരൻ നായർക്ക്. മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ തഹസിൽദാർ മമ്മായി രാവുണ്ണിപ്പണിക്കരുടെയും പാർവതി അമ്മയുടെയും മകനായി 1857 ജൂലൈ 15ന് ജനനം. അങ്ങാടിപ്പുറം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് പ്രോവിൺഷ്യൽ സ്കൂളിൽനിന്ന് എഫ്.എയും 1875ൽ മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ഡിഗ്രിയും പൂർത്തിയാക്കി.
മദ്രാസ് ലോ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബി.എൽ ബിരുദം പൂർത്തിയാക്കിയ ശങ്കരൻ നായർ 1880ൽ വക്കീൽപ്പണിയും തുടങ്ങി. ചേറ്റൂർ കേസ് നടത്തിപ്പിനേക്കാൾ പ്രഥമ പരിഗണന നൽകിയത് രാജ്യത്തിന് സ്വാതന്ത്രത്തിനുവേണ്ടിയുള്ള ഇടപെടലുകൾക്കായിരുന്നു. 1890ൽ മദ്രാസ് നിയമനിർമാണ സഭ അംഗമായി. 1893ലെ ലണ്ടൻ യാത്രയിലാണ് ചേറ്റൂരിലെ രാഷ്ട്രീയക്കാരൻ രൂപപ്പെട്ടു തുടങ്ങുന്നത്. അപ്പീൽ കേസിൽ ഹാജരാവാൻ ലണ്ടനിലെത്തിയ ചേറ്റൂർ, ടാക്സി ഡ്രൈവർമാരുടെ സമരം കാണാനിടയായി. ഹൈഡ് പാർക്കിലേക്ക് വരിവരിയായി പോകുന്ന തൊഴിലാളികൾ.
സമരത്തിൽ ചേറ്റൂരും പങ്കാളിയായി. നാട്ടിൽ തിരിച്ചെത്തിയ ശങ്കരൻ, കേരളത്തിലെ ആദ്യതൊഴിലാളി സമരത്തിന് നേതൃത്വം നൽകി. 1894 മദ്രാസ് സർക്കാർ നടപ്പാക്കിയ മദ്യനയമാണ് സമരത്തിനാധാരം. ഈ നയം മലബാറിലെ ചെത്തുകാരെ പട്ടിണിയിലാഴ്ത്തി. സ്വന്തം തെങ്ങിൽനിന്ന് ചെത്തിയെടുക്കുന്ന കള്ള് കുടിക്കാൻ വിലക്കേർപ്പെടുത്തുകയും സിലോണിൽ നിന്നിറക്കുമതി ചെയ്യുന്ന ചാരായം ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
അയ്യായിരത്തിലധികം ഈഴവരുമായി ശങ്കരൻ നായർ നയിച്ച ജാഥ, 144 പ്രയോഗിച്ചാണ് സർക്കാർ നേരിട്ടത്. 1897ൽ അമരാവതിയിൽ നടന്ന പതിമൂന്നാമത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമ്മേളനത്തിലാണ് ചേറ്റൂരിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽനിന്ന് രാജിവെച്ചു. കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.