കോഴിക്കോട്: സീസൺ മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് വില കുത്തനെ കൂട്ടി. സംസ്ഥാനത്ത് വിവാഹ സീസണായതും റമദാൻ സീസൺ അടുത്തതുമെല്ലാം വിലക്കൂടുതലിന് കാരണമാണ്. കോഴിത്തീറ്റക്ക് വില കുത്തനെ കൂട്ടിയാണ് മാർക്കറ്റിൽ തമിഴ്നാടിന്റെ ഇടപെടൽ. സംസ്ഥാനത്തെ കോഴിത്തീറ്റക്കും ആശ്രയം തമിഴ്നാടാണ്.
തീറ്റവില കൂടിയതോടെ കേരളത്തിൽ ഫാമുകാർക്ക് ചെലവ് കൂടി. ഇവിടെ ഉൽപാദനം കുറഞ്ഞു. ആയിരം രൂപയോളം കോഴിത്തീറ്റക്ക് വില കൂടി എന്നാണ് കർഷകർ പറയുന്നത്. ചാക്കിന് 1300 ഉണ്ടായിരുന്നത് 2400 ആയി ഉയർന്നു. ഉൽപാദനം ഇവിടെ കുറഞ്ഞതോടെ തമിഴ്നാട്ടിലും വില കൂട്ടി. തമിഴ്നാടിന്റെ മാർക്കറ്റ് വിലക്കനുസരിച്ചാണ് ഇവിടെ വളർത്തുന്ന കോഴിക്ക് വില നിശ്ചയിക്കുന്നത്. തമിഴ്നാട്ടിലും സീസൺ മുന്നിൽ കണ്ട് ഉൽപാദനം കുറച്ച് ഡിമാൻഡ് വർധിപ്പിച്ചു. 170 രൂപക്ക് ഒരാഴ്ച മുമ്പ് വിറ്റ ബ്രോയിലർ ചിക്കന് ഞായറാഴ്ച 220 ആണ് വില. വരും ദിവസങ്ങളിൽ വില അനിയന്ത്രിതമായി വർധിക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. ലഗോൺ കോഴിക്ക് 170 ആണ് വില. ബ്രോയിലറിന് വില കൂടുന്നതോടെ ലഗോണും കൂടുമെന്നാണ് സൂചന.
2021 സെപ്റ്റംബറിൽ 120 രൂപയായിരുന്നു കേരളത്തിൽ ഒരു കിലോ കോഴിയിറച്ചിയുടെ വില. ലോക്ഡൗൺ കാലത്ത് സർക്കാർ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു നിർത്തി. ഒക്ടോബർ മുതൽ വില കുത്തനെ കൂടി. ലോക്ഡൗൺ കാലത്തെ നഷ്ടം നികത്താനായിരുന്നു ഉൽപാദകരുടെ നീക്കങ്ങൾ. കഴിഞ്ഞ മാസം വില 180 ആയിരുന്നു. ഇപ്പോൾ 220 ആയി. ഞായറാഴ്ച മാത്രം കിലോക്ക് മൊത്തവില മൂന്ന് രൂപ വർധിച്ചെന്ന് ചില്ലറവ്യാപാരികൾ പറയുന്നു. ഇത് ഇറച്ചിയാക്കി വിൽക്കുമ്പോൾ കിലോക്ക് അഞ്ച് രൂപ അധികം വരും. കേരളത്തിൽ കോഴി ഉൽപാദനത്തിന് സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഇപ്പോഴും തമിഴ്നാടാണ് ഇവിടത്തെ മാർക്കറ്റ് നിയന്ത്രിക്കുന്നത്. കൊട്ടിഘോഷിച്ച കേരള ചിക്കൻ പദ്ധതിക്കൊന്നും വിപണിയിൽ ഇടപെടാനായില്ല. സംസ്ഥാനത്തെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിക്കാനാണ് കുടുംബശ്രീ വഴി കേരള ചിക്കൻ പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.