'ഭാവാത്മക ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ പ്രതിഭ'

തിരുവനന്തപുരം: ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ശാസ്ത്രീയ-ചലച്ചിത്ര സംഗീത രംഗങ്ങളില്‍ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാര്‍ജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതില്‍ വാണി ജയറാം കാട്ടിയ ശ്രദ്ധ പില്‍ക്കാല ഗായകര്‍ക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകര്‍ക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും. ദുഃഖകരമായ ആ വേര്‍പാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളില്‍ ജീവിക്കും. മുഹമ്മദ് റാഫി മുതല്‍ക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവര്‍ പാടി.

വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടമാണ്. വാണി ജയറാമിന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Chief Minister condoles demise of Vani Jayaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.