മുഖ്യമന്ത്രി കേരളത്തിന്റെ പൊതുശല്യം; നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടൻ -കെ. സുധാകരന്‍

കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മൈക്കിന് മുന്നില്‍ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല.

മുഖ്യമന്ത്രിക്ക് ഏതെങ്കിലും ജില്ലകളില്‍ പൊതുപരിപാടികളുണ്ടെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും സംഘടനാ സമ്മേളനം പോലും നടത്താനോ, പൊതുജനത്തിന് കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണ് കേരളത്തില്‍. മുഖ്യമന്ത്രിക്ക് സുഗമ സഞ്ചാരപാത ഒരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടിപ്പിടിച്ച് കരുതല്‍ തടങ്കലിലടക്കുകയാണ്. അടിയന്താരവസ്ഥ കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്ക് വേണ്ടി കാക്കിപ്പട കാട്ടിക്കൂട്ടുന്നത്. മുഖ്യമന്ത്രി കടന്ന് പോകുന്നുയെന്നതിന്റെ പേരിലാണ് പെരുമ്പാവൂരില്‍ രണ്ടുമണിക്കൂര്‍ മുമ്പെ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനം തടസ്സപ്പെടുത്തി പത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പാലക്കാടും സമാനമായ രീതിയില്‍ ഏഴോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് എല്ലാ സീമകളും ലംഘിക്കുകയാണ്.

പുരുഷ പൊലീസ് കെ.എസ്.യു വനിത പ്രവര്‍ത്തകയെ കയറിപിടിച്ചിട്ടും അവരെ സംരക്ഷിക്കുകയാണ്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന മൗഢ്യം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നതാണ് ഉചിതം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസും സജ്ജമാണെന്ന കാര്യം മുഖ്യമന്ത്രിയും പാദസേവകരായ പൊലീസും വിസ്മരിക്കരുത്. ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവികളിലേക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പൊലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Chief Minister is a public nuisance of Kerala; Scared even of the shadow -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.