മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്, കൈകള്‍ ശുദ്ധവുമല്ല; ഭയമുള്ളത് കൊണ്ടാണ് അന്വേഷണം തടസപ്പെടുത്തുന്നത് -വി.ഡി. സതീശൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്നും കൈകള്‍ ശുദ്ധവുമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് രണ്ട് കൈകളും ശുദ്ധമാണെന്നാണ്. പിന്നീട് മടിയില്‍ കനമില്ലെന്ന് പറഞ്ഞു. അന്വേഷണത്തെ ഭയമില്ലെന്ന് പറഞ്ഞു. എന്നിട്ടാണ് കെ.എസ്.ഐ.ഡി.സിയെ കൊണ്ട് ലക്ഷങ്ങള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെയെത്തിച്ച് ഹൈകോടതിയില്‍ കേസ് നല്‍കിയതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ കര്‍ണാടക ഹൈകോടതിയിലും കേസ് നല്‍കി. ഇത് രണ്ടും എസ്.എഫ്.ഐ.ഒ അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അന്വേഷണത്തെ ഭയമുണ്ടെന്നും കൈകള്‍ ശുദ്ധമല്ലെന്നും മടിയില്‍ കനമുണ്ടെന്നുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരം കേസുകളില്‍ അന്വേഷണം ആരംഭിച്ചാല്‍ ഇടപെടരുതെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ഭയപ്പെടുന്നുവെന്നതാണ് പ്രശ്‌നമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

എട്ട് മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തില്‍ യു.ഡി.എഫിന് പൂര്‍ണവിശ്വാസമില്ല. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് നോക്കി തീര്‍ക്കാവുന്ന രേഖകള്‍ മാത്രമെ കേസുമായി ബന്ധപ്പെട്ട് ഉള്ളൂ. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി ബോഡികളുടെ കണ്ടെത്തലുമുണ്ട്. ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐ.ഒ എന്തിനാണ് എട്ട് മാസം അന്വേഷിക്കുന്നത്? എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ സൂഷ്മതയോടെ വീക്ഷിക്കും. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷന്‍ കോഴയിലും കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിലും സംഭവിച്ചതാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ ഞങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യും.

അന്വേഷണം നീതിപൂര്‍വകമായി നടക്കട്ടെ. അന്വേഷണം നീട്ടിക്കൊണ്ടു പോയി സര്‍ക്കാറിനും സി.പി.എമ്മിനും മേല്‍ സമ്മര്‍ദ്ദമുണ്ടാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- സി.പി.എം ബന്ധമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കരുവന്നൂരിലെ ഇ.ഡി അന്വേഷണം തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലെ ഒത്തുതീര്‍പ്പില്‍ അവസാനിച്ചു. കേരളത്തില്‍ സി.പി.എമ്മും സംഘ്പരിവാറും തമ്മില്‍ അവിഹിത ബന്ധമുണ്ട്. അതിന് ഇടനിലക്കാരുമുണ്ട്. കേരളത്തില്‍ രണ്ടോ മൂന്നോ സീറ്റ് ജയിക്കണമെന്ന വാശിയിലാണ് ബി.ജെ.പി. അതിനു വേണ്ടിയാണ് സി.പി.എമ്മിനെ സ്വാധീനിക്കുന്നത്. സി.പി.എമ്മുമായി ചേര്‍ന്നാലും തൃശൂരില്‍ ബി.ജെ.പി ജയിക്കില്ല. ജനങ്ങളെല്ലാം യു.ഡി.എഫിനൊപ്പമാണ്.

ബി.ജെ.പിയുടെ 6,500 കോടിയുള്ള അക്കൗണ്ട് ഫ്രീസ് ചെയ്യാത്തവരാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തത്. എന്തും ഈ രാജ്യത്ത് നടത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയെ ശിഥിലമാക്കാന്‍ പണവും സ്വാധാനവും കേന്ദ്ര ജേന്‍സികളുമായി ഭരണകൂടം ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്. എന്തും ചെയ്യാന്‍ ഫാഷിസ്റ്റ് ഭരണകൂടം മടിക്കില്ലെന്നതിന്റെ തെളിവാണിത്. വര്‍ഗീയവാദികള്‍ ഒരിക്കലും മൂന്നാം തവണയും അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ നടപടിയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Chief Minister Pinarayi Vijayan's bosom is thick and his hands are not clean -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.