തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ല കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, ഓ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇതിനായി പൊതുകെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവൃത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിനായി വ്യാപാരികളുടെ സഹകരണം ഉറപ്പാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട് അല്ലെങ്കിൽ തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നൽകിയിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തും. തീപിടിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേന പൂർണ സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അഗ്നിരക്ഷ സേനക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പത്ത് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.