വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കരുതലുകള്‍ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസന്‍സും ജി.എസ്.ടി രജിസ്ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണം. ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകള്‍ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിത കർമ സേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണം.

ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം. റിസോട്ടുകള്‍ ബോട്ടിങ്ങ് നടത്തുമ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടാകണം. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വെരിഫിക്കേഷന്‍ നടത്തി ഹൗസ് ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ജലാശയങ്ങളിലും ബീച്ചുകളിലും ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ ഉറപ്പാക്കണം. ആവശ്യമുള്ള സ്ഥലങ്ങളില്‍ പൊലീസിന്‍റെയും ടൂറിസം പൊലീസിന്‍റെയും സാന്നിധ്യവും ഉറപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ തെരുവുനായ ശല്യം ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യമായ മദ്യപാനവും വില്‍പനയും ഒഴിവാക്കാനുള്ള നടപടിയെടുക്കണം. എക്സൈസ് വകുപ്പിന്‍റെ ശ്രദ്ധ ടുറിസം കേന്ദ്രങ്ങളില്‍ ഉണ്ടാകണം. ആവശ്യമായ സിസിടിവി ക്യാമറകള്‍ ഉണ്ടാകണം. സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകരുതെന്നും ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ വെളിച്ചം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ഗൈഡുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. നിലവിലുളളവരുടെ സര്‍ട്ടിഫിക്കറ്റ് പുതുക്കണം.

യോഗത്തില്‍ ചീഫ് സെക്രട്ടി ഡോ.വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഫയര്‍ ആന്‍റ് റസ്ക്യു മേധാവി കെ. പത്മകുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Chief Minister wants to ensure the safety of tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.