തിരുവനന്തപുരം: അമേരിക്ക, ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പുലർച്ച യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയുടെ പശ്ചാത്തലത്തിൽ സാധാരണ ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം ചെവ്വാഴ്ച നടന്നു. ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ജൂൺ 10ന് ടൈം സ്ക്വയറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെ പ്രമുഖരും ലോക കേരളസഭ അംഗങ്ങളും ചീഫ് സെക്രട്ടറി വി.പി. ജോയി ഉൾപ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/ 11 മെമ്മോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. യു.എൻ ആസ്ഥാനത്തും സന്ദർശനം നടത്തും. 11ന് മാരിയറ്റ് മാർക്ക്ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെൻറ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളി നിക്ഷേപകർ, പ്രവാസി മലയാളികൾ, ഐ.ടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്ന് വൈകീട്ട് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ജൂൺ 12 ന് വാഷിങ്ടൺ ഡി.സിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖല വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി കൂടിക്കാഴ്ച നടത്തും. 13ന് മാരിലാൻഡിലെ വേസ്റ്റ് മാനേജ്മെൻറ് സംവിധാനങ്ങൾ സന്ദർശിക്കും. ജൂൺ 14ന് ന്യൂയോർക്കിൽ നിന്ന് ക്യൂബയിലെ ഹവാനയിലേക്ക് പോകും. 15,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.