മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി; വാടക 25 മണിക്കൂറിന് 80 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രക്കായി സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്ടർ, ചൊവ്വാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും ഹെലികോപ്റ്റർ പാർക്ക് ചെയ്യുക.

മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാർക്കിങ് ചാലക്കുടിയിലാക്കിയത്. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റർ തിരുവനന്തപുരത്തു നിന്ന് തിരികെ ചാലക്കുടിയിലേക്കു പോകും. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂർ പറക്കാനാണ് 80 ലക്ഷം രൂപ. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം.

മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്ക് പുറമെ മാവോവാദി നിരീക്ഷണം, ദുരന്തമേഖലകളിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങീ പൊലീസിന്റെ ആവശ്യങ്ങൾക്കും ഹെലികോപ്‌റ്റർ ഉപയോഗിക്കും. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മൂന്ന് വർഷത്തേക്കാണ് കരാർ.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ, തീരുമാനത്തിൽ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു.

ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ചായിരുന്നു ഹെലികോപ്റ്റർ‍ വാടകക്ക് എടുത്തിരുന്നത്. പക്ഷെ, കാര്യമായ പ്രയോജനം അന്ന് ഉണ്ടായിരുന്നില്ല. അതോടെ കരാർ പുതുക്കിയുമില്ല. തുടർന്ന്, കഴിഞ്ഞ മാർച്ച് രണ്ടിനാണ് പുതിയ ഹെലികോപ്റ്റർ വാടകക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Tags:    
News Summary - Chief Minister's helicopter arrives in Thiruvananthapuram; 80 lakhs for 25 hours of rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.