തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നേരിട്ടെത്തി ഗവർണറോട് വിശദീകരിക്കുന്നത് മുഖ്യമന്ത്രി തടഞ്ഞു. ഗവർണർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ജനാധിപത്യ ഭരണതത്വങ്ങൾക്കും ഭരണഘടന വ്യവസ്ഥകൾക്കും എതിരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് കത്തും നൽകി.
ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിൽ ഹാജരായി വിശദീകരിക്കണമെന്ന കത്ത് പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർക്ക് വിളിപ്പിക്കാനാവില്ല. ഇത്തരം നിർദേശങ്ങൾ മുഖ്യമന്ത്രി വഴി മാത്രമേ നൽകാനാകൂ. ആവശ്യപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിശദമറുപടി വൈകാതെ നൽകുമെന്നും കത്തിൽ പറയുന്നു.
മുഖ്യമന്ത്രി കത്ത് നൽകുകയും ഉദ്യോഗസ്ഥർ ഹാജരാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, നടപടി ഭരണപരമായ പതിവ് കാര്യങ്ങൾ വിശദീകരിക്കാനല്ലെന്നും ഗുരുതര കുറ്റകൃത്യം സംബന്ധിച്ച വിശദാംശങ്ങൾ തേടിയുള്ളതാണെന്നും പിൻവലിക്കാനാകില്ലെന്നും വ്യക്തമാക്കി ഗവർണർ വീണ്ടും മുഖ്യന്ത്രിക്ക് കത്ത് നൽകി. മുഖ്യമന്ത്രി വെളിപ്പെടുത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് സംക്ഷിപ്ത വിവരം തേടിയതെന്ന് ഗവർണർ മറുപടി കത്തിൽ പറയുന്നു.
ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന അഭ്യർഥന ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആശ്ചര്യകരമാണ്. വിവരങ്ങൾ നൽകാതിരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന തോന്നൽ സൃഷ്ടിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് അംഗീകരിച്ചതിനെ അഭിനന്ദിക്കുന്നു.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന ഗവർണറുടെ അഭ്യർഥന സാധാരണ ഭരണപരമായ കാര്യമായി പരിഗണിക്കുന്നത് ഭരണഘടനപരമായ കടമയിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.