തിരുവനന്തപുരം: സീറ്റ് പങ്കിടലിന് കരാർ ഒപ്പിട്ട് എയ്ഡഡ് കോളജുകളെ കൽപിത സർവകലാശാലയാക്കാമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ വിദഗ്ദസമിതി റിപ്പോർട്ട്. നേരത്തെ ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി നിർദേശിച്ച രീതിയിൽ സ്വകാര്യ സർവകലാശാലയാകാമെന്നും സമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൽപിത സർവകലാശാലകളായി പരിവർത്തനം ചെയ്യുന്ന സ്വയംഭരണ പദവിയുള്ളവ ഉൾപ്പെടെ എയ്ഡഡ് കോളജുകളുമായി സർക്കാർ കരാറിൽ ഏർപ്പെടണമെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ പ്രധാന ശിപാർശ. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിലവിലെ രീതിയിൽ തന്നെ സർക്കാർ ശമ്പളം നൽകണം. അതിന് പകരമായി സർക്കാറിന് നിശ്ചിത ശതമാനം സീറ്റ് കോളജുകൾ വിട്ടുനൽകുന്നതിനാണ് കരാർ. എന്നാൽ റിപ്പോർട്ടിൽ തുടർനടപടിയെടുക്കാനുള്ള ഫയലിൽ എയ്ഡഡ് സ്ഥാപനങ്ങളെ കൽപിത സർവകലാശാലയാക്കാനുള്ള നിർദേശത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പകരം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന റിപ്പോർട്ടിലെ നിർദേശത്തിൽ തുടർനടപടിയാകാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തി.
സർക്കാറിന് നിയന്ത്രണമില്ലാത്ത രീതിയിലുള്ള യു.ജി.സി റെഗുലേഷനാണ് കൽപിത സർവകലാശാലകൾക്ക് ബാധകമാവുക. സീറ്റ് പങ്കിടലിന് കരാർ ഒപ്പിടുന്നത് പഴയ സ്വാശ്രയ കോളജ് കരാറിന്റെ അനുഭവമായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഓർമപ്പെടുത്തി. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമനിർമാണത്തിന്റെ അടിസ്ഥാനത്തിൽ മികച്ച സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവകലാശാലയാകാനുള്ള അവസരമൊരുക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അഭിപ്രായമറിയിച്ചിട്ടുണ്ട്. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
കൽപിത സർവകലാശാല വേണ്ടെന്നും മികച്ച സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവകലാശാലയാകാനുള്ള അവസരമൊരുക്കാമെന്നും സി.പി.എം നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും കൽപിത സർവകലാശാലകൾക്ക് വഴിയൊരുക്കുന്ന രീതിയിലാണ് സർക്കാർ നിയോഗിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ട്. ചീഫ് സെക്രട്ടറിക്ക് പുറമെ എം.ജി സർവകലാശാല വി.സിയായിരുന്ന ഡോ. സാബു തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, ഡോ. ശ്യാം ബി. മേനോൻ എന്നിവരാണ് സമിതി അംഗങ്ങൾ.
എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി ലഭിച്ചാൽ അവക്കുമേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാകും. സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നാലും കരാർ ഒപ്പിട്ടാലും കൽപിത സർവകലാശാലകൾക്ക് യു.ജി.സി റെഗുലേഷനാകും ബാധകമാവുക. യു.ജി.സി റെഗുലേഷൻ പ്രകാരം കൽപിത സർവകലാശാലകൾക്ക് വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവും സ്വന്തമായി നടത്താം. നിലവിൽ എയ്ഡഡ് കോളജുകളിലെ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുമ്പോൾ 80 ശതമാനം വരെ സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച മെറിറ്റടിസ്ഥാനത്തിലുള്ള പ്രവേശനവും സർക്കാർ കോളജുകളിലേതിന് തുല്യമായ ഫീസുമാണ്. സ്പോൺസറിങ് ബോഡി നിശ്ചയിക്കുന്ന വ്യക്തിയാകും കൽപിത സർവകലാശാലയുടെ ചാൻസലർ. ചാൻസലറായിരിക്കും കൽപിത സർവകലാശാലയുടെ കാര്യത്തിൽ അവസാന വാക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.