മലപ്പുറം: ഏപ്രില്‍ 24ന് മഞ്ചേരി പയ്യനാട്ട് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് കോവിഡ് ബാധിച്ചിട്ടെല്ലന്ന പരാതിയുമായി മാതാപിതാക്കള്‍. ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്ന കുഞ്ഞിന് വേണ്ടവിധം ചികിത്സ ലഭിച്ചിെല്ലന്നും ഇതിനാലാണ് മരണമെന്നും മുഹമ്മദ് അഷ്‌റഫ്-ആഷിഫ ദമ്പതികൾ മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ചികിത്സപ്പിഴവ് മറച്ചുവെക്കാന്‍ ആരോഗ്യവകുപ്പ് മരണകാരണം കോവിഡ് ബാധയാണെന്ന് പറയുകയായിരുന്നു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ഒരുമാസം പിന്നിട്ടിട്ടും പരിശോധനഫലമറിയിക്കാന്‍ അധികൃതർ തയാറായിട്ടില്ല. ഏപ്രില്‍ 21ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞത് 22നായിരുന്നു. ആദ്യ രക്തപരിശോധനയില്‍ പോസിറ്റീവാണെന്നറിഞ്ഞിട്ടും 28 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്.
രണ്ടാമത്തേതിലും മരണശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. ആദ്യപരിശോധനക്കെടുത്ത അതേ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന് ധാരണയില്ല.
സുരക്ഷയില്ലാതെയാണ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞത്. കോവിഡ് ബാധിച്ചാണ് മരണമെങ്കില്‍ പരിചരിച്ച മാതാവ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. 33 ബന്ധുക്കളുടെ സ്രവം പരിശോധിച്ചിട്ടും ആര്‍ക്കും രോഗമില്ല. കോവിഡ് ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് നേരത്തെ പറഞ്ഞത് തിരുത്താനുള്ള വിമുഖതയാണ് ഫലം പുറത്തുവിടാതെ നീട്ടിക്കൊണ്ടുപോകാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.