മലപ്പുറം: പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്തുനൽകാമെന്ന ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അവഗണിക്കുന്നതായി ആക്ഷേപം. 2006ലെ ശൈശവ നിരോധന ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങളിൽ കക്ഷികൾ പ്രായപൂർത്തിയായി രണ്ട് വർഷത്തിനകം വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ല കോടതിയിൽ സമർപ്പിക്കാത്തപക്ഷം വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്ത് വകുപ്പ് പുറത്തിറക്കിയ 'ജനന-മരണ-വിവാഹ രജിസ്ട്രേഷൻ' ഉത്തരവുകൾ ഏകോപിപ്പിച്ച് നൽകിയ പ്രത്യേക പതിപ്പിലും ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇതേ വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പഞ്ചായത്ത് വകുപ്പിന് നൽകിയ വിവരാവകാശത്തിനും 2006ലെ ശൈശവ വിവാഹ നിരോധന നിയമം ഉദ്ധരിച്ച് ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്നാണ് മറുപടി.
എന്നാൽ, ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സമ്മതിക്കുന്നില്ലെന്നാണ് വ്യാപക പരാതി ഉയരുന്നത്. ആവശ്യവുമായി തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്നവരെ ഇങ്ങനെ നിയമമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. നിരവധി കക്ഷികൾ ഇത്തരത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു കിട്ടാൻ തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ച് പരിഹാരമില്ലാതെ മടങ്ങിപോവുകയാണെന്നും ആരോപണമുണ്ട്.
2013 ജൂൺ 27 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായപരിധി പരിഗണിക്കാതെ ഏത് സമയവും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് മറ്റൊരു ഉത്തരവുണ്ട്. ഈ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകുന്നുണ്ട്. ഇതിനു ശേഷമുള്ള വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തു നൽകുന്നില്ലെന്ന പരാതികൾ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വകുപ്പിൽ നേരിട്ട് പ്രതികരണം തേടിയപ്പോൾ ഇത്തരം വിവാഹങ്ങൾ നിബന്ധനകൾ പാലിച്ച് രജിസ്ട്രേഷൻ നടത്താമെന്ന് വ്യക്തമാക്കുന്ന മറുപടി തന്നെയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.