മീനങ്ങാടി: ജില്ലയിൽ പ്രവർത്തിക്കുന്ന മുസ്‌ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വയനാട് ജില്ല ശിശു സംരക്ഷണ ഓഫിസർ ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയ സർക്കുലർ വിവാദത്തിൽ. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ ഓഫിസിലെ ജില്ല ഓഫിസറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലയിൽ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന മുസ്‌ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത പഠനം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് അവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 20നു മുമ്പായി ഇ-മെയിൽ വഴി വിവരങ്ങൾ ജില്ല ശിശു സംരക്ഷണ ഓഫിസറുടെ കാര്യാലയത്തിലേക്ക് അയക്കണമെന്നും സർക്കുലറിൽ പറയുന്നു. ഒരു പ്രത്യേക മത വിഭാഗത്തിലെ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ശേഖരിക്കുന്നതിന് നിർദേശം നൽകിയതിലെ ദുരൂഹത ചൂണ്ടികാട്ടി മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.
നേതാക്കൾ ജില്ല ഓഫിസറോട് വിശദീകരണം ചോദിക്കുകയും ഉത്തരവ് പിവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം ബാലാവകാശ കമീഷനിൽ ആരോ പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സർക്കുലർ പുറപ്പെടുവിച്ചതെന്നാണ് വിവരം. സർക്കുലറുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചത്. തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ മറ്റു സമര മർഗങ്ങളിലേക്ക് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പിണറായി സർക്കാർ ന്യൂനപക്ഷങ്ങളെ കൃത്യമായി ഉന്നം വെക്കുന്നതിന്‍റെ മറ്റൊരു രൂപമാണ് ഈ വിവാദ സർക്കുലറെന്ന് യൂത്ത് ലീഗ് ആരോപിച്ചു. നേരായ മാർഗത്തിൽ പ്രവർത്തിക്കുന്ന മത സ്ഥാപനങ്ങളെ സമൂഹത്തിൽ അപകീർത്തിപെടുത്തുക എന്നത് കൂടിയാണ് പരാതിക്കാരന്‍റെ ഉദ്ദേശമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പരാതിക്കാരന്‍റെ ഉദ്ദേശ ശുദ്ധി കൃത്യമായി പഠിക്കാതെ ആർ.എസ്.എസിനെ തൃപ്തിപെടുത്താനാണ് ഇത്തരത്തിലുള്ള ഉത്തരവുകൾ ഉദ്യോഗസ്ഥരെ കൊണ്ട് പിണറായി സർക്കാർ നടപ്പാക്കുന്നതെന്നും കുറ്റപ്പെടുത്തി.
ജില്ല യൂത്ത് ലീഗ് പ്രസിഡന്‍റ് എം.പി. നവാസ്, ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ, വൈസ് പ്രസിഡന്റ് ജാഫർ മാസ്റ്റർ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികളായ സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ഇ.പി. ജലീൽ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ നൂരിഷ ചെനോത്ത്, പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവ് എം.എ. അയ്യൂബ്, ഭാരവാഹികളായ സക്കീർ മുട്ടിൽ, ഹാരിസ് പുഴക്കൽ, സിറാജ് കാക്കവയൽ, നൗഫൽ എമിലി, കെ.പി. നൗഷാദ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.