വർക്കല: അഞ്ചര പവന്‍റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസുകാരായ കുട്ടികൾ സ്വർണം മോഷ്ടിച്ചത്. പിടിയിലായ കുട്ടികളെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി. മോഷണ സ്വർണം പണയം വെക്കാനും വിൽക്കാനും സഹായിച്ച ഇടവ ചെമ്പകത്തിൻമൂട് അൽ അഫ്ന ഹൗസിൽ അഫ്സൽ (19), ഹരിഹരപുരം പാലിള ഹൗസിൽ ജിതിൻ (20) എന്നിവരെ വർക്കല കോടതിയിൽ ഹാജരാക്കി.
ഇടവ സ്വദേശിയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷ്ടിക്കപ്പെട്ടത്. എറണാകുളത്ത് അധ്യാപികയായ വീട്ടുകാരി ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്താറ്. കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് മോഷണം നടന്നത്. എന്നാൽ, ഏപ്രിൽ പത്തിനാണ് തന്‍റെ അലമാരയിലെ ലോക്കറിലിരുന്ന സ്വർണം നഷ്ടപ്പെട്ടത് വീട്ടുകാരി അറിയുന്നത്. ഒൻപതാം ക്ലാസ്സുകാരനായ മകന്റെ കൂട്ടുകാർ പതിവായി വീട്ടിൽ വന്നു പോകാറുണ്ടായാരുന്നത്രേ. ഒരു ദിവസം വീട്ടിലെത്തിയ കൂട്ടുകാർ അലമാര തുറക്കുകയും ലോക്കറിലിരുന്ന സ്വർണ്ണം എടുത്തുനോക്കിയതായും മകനിൽ നിന്നുമറിഞ്ഞ വീട്ടുകാരി ഈ വിവരം ഉൾപ്പെടെ അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് കൂട്ടുകാരോട് കാര്യങ്ങൾ ചോദിച്ചെങ്കിലും ഇവർ സംഭവം മറച്ചുവെച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് കുട്ടികൾ കാര്യങ്ങൾ പൊലീസിനോട് വിവരിച്ചത്. മോഷ്ടിച്ച സ്വർണം അഫ്സലിന്റെയും ജിതിന്റെയും സഹായത്തോടെ പണയം വെക്കുകയും പിന്നീട് പണയത്തിൽ നിന്നെടുത്ത് വിൽക്കുകയുമായിരുന്നെന്നുമുള്ള വിവരങ്ങൾ കുട്ടികൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് യുവാക്കൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് വിൽപ്പന നടത്തിയ സ്വർണ്ണവും കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.