ബേപ്പൂർ: കയറ്റുമതി മത്സ്യങ്ങൾക്ക് ചൈന കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ, സമുദ്രോൽപന്ന വിപണി സ്തംഭനാവസ്ഥയിലായി. ഇതോടെ, സംസ്ഥാനത്തെ കയറ്റുമതി വ്യാപാരികളും ഹാർബറുകളിലെ മൊത്ത മത്സ്യവിതരണക്കാരും വൻ പ്രതിസന്ധി നേരിടുകയാണ്.
ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ചൈന. പ്രധാനമായും ചെമ്മീൻ, കണവ (കൂന്തൾ) തുടങ്ങിയവയാണ് സംസ്ഥാനത്തുനിന്ന് കയറ്റി അയക്കുന്നത്. കണവ മത്സ്യത്തിെൻറ പാക്കറ്റിൽ കോവിഡ് വൈറസ് കണ്ടെത്തിയെന്ന പേരിൽ ഡിസംബറിൽ മത്സ്യ കയറ്റുമതി കമ്പനികൾക്ക് ചൈന ഒരാഴ്ചത്തെ വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് പരിശോധന നിയമങ്ങൾ കർശനമാക്കിയത്. എന്നാൽ, കണവ പാക്കറ്റിൽ വൈറസ് കണ്ടെത്തിയെന്ന വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കർശന പരിശോധനകൾ നടത്തി വൈറസുകളില്ലെന്ന് ഉറപ്പാക്കിയശേഷമാണ് സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. 25 ദിവസമെടുത്താണ് കണ്ടെയ്നറുകൾ ചൈനയിലെത്തുന്നത്. അത്രയും ദിവസം കോവിഡ് വൈറസ് നിലനിൽക്കില്ലെന്നും അഭിപ്രായമുണ്ട്.
പരിശോധനയും നിയന്ത്രണവും കർശനമാക്കിയതോടെ, കയറ്റുമതി മത്സ്യങ്ങളുടെ വിലയിടിവിനും പേമെൻറ് വൈകുന്നതിനും കാരണമായി. എക്സ്പോർട്ടിങ് കമ്പനികൾ, സംസ്ഥാനത്തെ വിവിധ ഹാർബറുകളിലെ മൊത്ത മത്സ്യവിതരണക്കാർക്ക് കൃത്യമായി പണം നൽകുന്നതും ഇതോടെ മുടങ്ങി. ബോട്ടുടമകൾക്ക് വൻ തുക ബാധ്യതയായതോടെ, ഹാർബറുകളിലെ മത്സ്യവിതരണ കച്ചവടക്കാരിൽ പലരും ചരക്കെടുക്കുന്നത് നിർത്തിവെച്ചിരിക്കയാണ്.
ചൈനയിൽ മത്സ്യവുമായി കണ്ടെയ്നറുകൾ എത്തിയാൽ മൂന്നു ദിവസംകൊണ്ട് പൂർത്തിയാകുന്ന നടപടികൾ, ഇപ്പോൾ 25 ദിവസം വരെ നീണ്ടതോടെ, തിരിച്ചുകിട്ടുന്ന കണ്ടെയ്നറുകൾക്കും ക്ഷാമം നേരിട്ടുതുടങ്ങി.
കണ്ടെയ്നർ ക്ഷാമം കാരണം, ഒക്ടോബർ മുതൽ ലഭിച്ച ഓർഡറുകൾ പ്രകാരമുള്ള ചരക്കുകളയക്കാൻ കഴിയുന്നില്ലെന്ന് കേരള സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അലക്സ് കെ. നൈനാൻ അറിയിച്ചു. ചൈനയിൽ എത്തിയ ചരക്കുകൾ ഡെലിവറിക്ക് താമസം നേരിടുന്നതിനാൽ കണ്ടെയ്നറുകൾ തിരിച്ചുവിളിച്ച് തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിലൂടെ കയറ്റുമതി കമ്പനികൾക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്.
ഇന്ത്യക്കെതിരായ രാഷ്ട്രീയനീക്കമാണ്, സമുദ്രോൽപന്ന കയറ്റുമതിക്ക് നിയന്ത്രണം കർശനമാക്കിയതിലൂടെ ചൈന നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
നയതന്ത്രതലത്തിൽ കേന്ദ്ര-സംസ്ഥാന അധികൃതർ ഇടപെട്ട്, സമുദ്രോൽപന്ന കയറ്റുമതിയിലെ നിലവിലെ സങ്കീർണതകൾ ലഘൂകരിച്ചില്ലെങ്കിൽ, സംസ്ഥാനത്തിന് 6000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന വിപണി അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.