ചി​ന്താ ജെറോമി​െൻറ നാടകം പൊളിഞ്ഞു; ശമ്പളത്തി​െൻറ മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് നാട്ടിൽ പാട്ടായി

അങ്ങനെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ നാടകം പൊളിഞ്ഞു. കൂട്ടിയ ശമ്പളത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചിന്താ ജെറോം പറഞ്ഞത്. ബോധപൂർവം വ്യാജ വാർത്ത സൃഷ്ടിക്കുകയാ​ണെന്നായിരുന്നു പ്രതികരണം. ലക്ഷങ്ങൾ എന്നെപ്പോലൊരാൾക്ക് ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകു​കയെന്ന് പറഞ്ഞിരുന്നു. എന്നാൽ, വാചക കസർത്ത് മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ശമ്പളത്തി​െൻറ മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് നാട്ടിലാകെ പ്രചരിക്കുകയാണ്.

ശമ്പളത്തി​െൻറ മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള ഇനത്തില്‍ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടതുപ്രകാരമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന കത്താണ് പുറത്തുവന്നിരുക്കുന്നത്.

ചിന്താ ജെറോമിന്റെ തന്നെ ലെറ്റര്‍ ഹെഡില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്താണ് പ്രചരിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നതിനിടെ വര്‍ധിപ്പിച്ച ശമ്പളത്തി​െൻറ മുന്‍കാല കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് ഏ​റെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. അന്ന്, അങ്ങനെയൊരു കത്തുണ്ടെങ്കില്‍ പുറത്തുവിടാനായിരുന്നു ചിന്താ ജെറോമി​െൻറ വെല്ലുവിളി.

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് തവണ തള്ളിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ലെന്നായിരുന്നു നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്‍കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കി.

26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിരിക്കുകയാണ്. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിമർശനമുണ്ട്. ഈ രീതി പിൻതുടരാൻ പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ ​ശ്രമിച്ചാൽ സർക്കാറിന് വലിയ തിരിച്ചടിയാകുമെന്നാണ് പറയുന്നത്.

Tags:    
News Summary - chintha jerome salary issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.