കോഴിക്കോട്: പൊലീസിന്‍റെ നേതൃത്വത്തിലാരംഭിച്ച കൗൺസലിങ് പദ്ധതി 'ചിരി'യിലേക്ക് രണ്ടുവർഷത്തിനിടെ വിളിച്ചത് മുപ്പതിനായിരത്തോളം പേർ. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ മാനസിക സംഘർഷങ്ങളും ഒഴിവാക്കാൻ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, അവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൺ, ശിശു സൗഹൃദ പൊലീസ് എന്നിവ ചേർന്നാവിഷ്കരിച്ച പദ്ധതിയിലേക്കാണ് ഇത്രയും ഫോൺ കോളുകൾ വിവിധ ജില്ലകളിൽ നിന്നായി വന്നത്. ഇവയിലെല്ലാം പൊലീസ് വിവിധ തരത്തിലുള്ള സാന്ത്വനം പകരുകയും ചെയ്തു. കോട്ടയത്ത് പാലത്തിനുമുകളിൽ കയറി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻപോയ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതടക്കം ഇതിലുൾപ്പെടും. വീട്ടിലെ വഴക്കിനെ തുടർന്ന് പതിനാറുകാരൻ സുഹൃത്തുക്കൾക്ക് വാട്സ്ആപ് സന്ദേശമയച്ച് ആത്മഹത്യ ചെയ്യാൻ പോവുകയായിരുന്നു. സന്ദേശം ലഭിച്ച സുഹൃത്തിലൊരാൾ 'ചിരി'യുടെ ഹെൽപ്ലൈൻ നമ്പറിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിച്ച് വീട്ടിലെത്തിച്ച് കൗൺസലിങ് നൽകുകയായിരുന്നു. 2020 ജൂലൈയിൽ ആരംഭിച്ച 'ചിരി'യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതിൽ 10,804 എണ്ണം കുട്ടികൾ വലിയ സംഘർഷത്തിലായതിന്‍റേതും ബാക്കി 18,000 ത്തിൽ കൂടുതൽ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ച് മാനസിക വിഭ്രാന്തി വന്നവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, രക്ഷിതാക്കളുടെ മദ്യപാനവും കുടുംബവഴക്കും കാരണം ഒറ്റപ്പെട്ടവർ, നിരന്തരം കുറ്റപ്പെടുത്തലുകളനുഭവിക്കുന്നവർ, അപകർഷബോധം വേട്ടയാടുന്നവർ, വിവിധ കാരണങ്ങളാൽ ഏകാന്തത അനുഭവിക്കുന്നവർ എന്നിവരടക്കമുള്ള വലിയ സംഘർഷങ്ങൾ നേരിട്ട പതിനായിരത്തിലേറെ വരുന്നവരിൽ ആയിരത്തോളം പേരുടെ വീടുകളിൽ അതത് പൊലീസ് സ്റ്റേഷനുകളിലെ ഓഫിസർമാർ നേരിട്ടെത്തിയാണ് പ്രശ്നങ്ങൾ കേട്ടതും വേണ്ട മാർഗനിർദേശങ്ങൾ നൽകിയതും.
മൂന്നുദിവസം തുടർച്ചയായി മൊബൈലിൽ നോക്കിയിരുന്ന് മുറിയിൽനിന്ന് പുറത്തിറങ്ങാത്ത കോഴിക്കോട്ടുകാരനായ കുട്ടിയെ പൊലീസ് നേരിട്ട് വീട്ടിലെത്തിയാണ് ആശ്വസിപ്പിച്ചതും കൗൺസലിങ് നൽകിയതും. രക്ഷിതാക്കളും 'ചിരി'യിലേക്ക് വിളിക്കുന്നുണ്ട്.
കോവിഡ് കാലത്തെ മാറിയ സാഹചര്യത്തിൽ മാനസിക സംഘർഷത്തിൽപ്പെട്ട 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതടക്കം മുൻനിർത്തി സർക്കാർ നിർദേശിച്ച പ്രകാരം ചിൽഡ്രൺസ് ആൻഡ് പൊലീസിന്‍റെ (കേപ്പ്) ഭാഗമായി ഐ.ജി പി. വിജയൻ നോഡൽ ഓഫിസറായാണ് 'ചിരി' ആരംഭിച്ചത്. മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് ഹെൽപ്ലൈൻ നമ്പറായ 9497900200 ൽ എപ്പോഴും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.