ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദം പ്രകടിപ്പിച്ച് പി.പി ചിത്തരഞജൻ എം.എൽ.എ. തന്‍റെ ഭാഗത്ത് നിന്നും തെറ്റായ സന്ദേശം നൽകാൻ ഇടയാക്കിയതിൽ ഖേദമുണ്ടെന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിലെ ചർച്ചക്കിടെ ചിത്തരഞജൻ എം.എൽ.എ മാസ്ക് കൊണ്ട് മുഖം തുടക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മാസ്കിന്റെ വിവിധ ഉപയോഗങ്ങൾ ചിത്തരഞജൻ എം.എൽ.എ പ്രദർശിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഇതിന്‍റെ വിഡിയോ വൈറലായിരുന്നു. മാസ്ക് ഉപയോഗിക്കുേമ്പാൾ പുലർത്തേണ്ട ജാഗ്രതയും സൂക്ഷമതയും ജനങ്ങളെ ബോധവത്കരിക്കേണ്ട എം.എൽ.എ തന്നെ കാമറക്കു മുന്നിലിരുന്ന് അശ്രദ്ധമായി മാസ്ക് കൊണ്ട് മുഖം തുടച്ചത് കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്.
പുതിയ എൻ 95 മാസ്ക് ഉപയോഗിച്ചാണ് മുഖം തുടച്ചതെന്നും ഇത് അടുത്ത ദിവസം ഉപയോഗിക്കാനായി കരുതിയതായിരുന്നുവെന്നും ചിത്തരഞജൻ വിശദീകരിച്ചു. കയ്യിൽ ടവൽ ഇല്ലാത്തതിനാൽ പുതിയ മാസ്ക് ഉപയോഗിച്ച് മുഖം തുടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എയുടെ വിശദീകരണത്തിൻെ പൂർണരൂപം:
"കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിലെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്‍റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന എന്‍95 വെള്ള മാസ്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌കാണ് ഉപയോഗിച്ചത്. എന്‍റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർഥിക്കുന്നു". -ചിത്തരഞജൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.