കൊച്ചി: അന്തേവാസികളായ പെൺകുട്ടികളോട് നടത്തിപ്പുകാർ മോശമായി പെരുമാറുന്നുവെന്ന് പരാതി ഉയർന്ന പൊന്നുരുന്നിയിലെ ൈക്രസ്റ്റ് കിങ് കോൺവൻറ് അടച്ചുപൂട്ടും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധനയിൽ വ്യക്തമായിരുന്നു.
കേസ് അന്വേഷിക്കുന്ന കടവന്ത്ര പൊലീസ് തിങ്കളാഴ്ച കാക്കനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയപ്പോൾ പെൺകുട്ടികൾ പരാതി ആവർത്തിച്ചു. ഇൗ സാഹചര്യത്തിലാണ് സ്ഥാപനം പൂട്ടാൻ കമ്മിറ്റി നിർദേശം നൽകിയത്.
നിർധന കുടുംബങ്ങളിൽനിന്നുള്ള 24 പെൺകുട്ടികളാണ് കോൺവൻറിൽ താമസിച്ച് പഠിക്കുന്നത്. പരീക്ഷ കഴിയുന്നതുവരെ ഇവർ ഇവിടെതന്നെ തുടരും. ഇതിനു ശേഷം സ്ഥാപനം പൂട്ടാനാണ് നിർദേശം. പെൺകുട്ടികളെ തുടർന്ന് എവിടെ താമസിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. സ്ഥാപനം അടച്ചുപൂട്ടുന്നത് വരെ ഒന്നിടവിട്ട ദിവസങ്ങളിൽ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രതിനിധികളും പരിശോധന നടത്തി പരാതി ഇല്ലെന്ന് ഉറപ്പുവരുത്തും.
പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇതനുസരിച്ച് മുഴുവൻ കുട്ടികളിൽനിന്നും തെളിവെടുക്കുകയാണ്. അംബിക, ഡിൻസി എന്നീ കന്യാസ്ത്രീകൾക്കെതിരെയാണ് കുട്ടികൾ പ്രധാനമായും മൊഴി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ അടുത്ത ദിവസംതന്നെ ഇവരെ അറസ്റ്റ് ചെയ്തേക്കും. പരാതി ഉയർന്ന ഉടൻ കോൺവൻറ് അധികൃതർ ഇവരെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോൺവൻറ് അധികൃതരുടെ ദ്രോഹനടപടികളിൽ പൊറുതിമുട്ടി വെള്ളിയാഴ്ച രാത്രി 10ഒാടെയാണ് കുട്ടികൾ പുറത്തുകടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.