‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങള്‍ അവസാനിപ്പിക്കണം’; പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ. സുധാകരന്‍

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസ് യു.പിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയെയും തിരുവനന്തപുരം കൊടിക്കുന്നില്‍ സ്വദേശി പാസ്റ്റര്‍ ജോസ് പ്രകാശിനെയും നേരിൽ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട ഇവര്‍ക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളില്‍ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറിയാണ് റിപ്പോര്‍ട്ടില്‍ കാണാനായതെന്നും സുധാകരന്‍ പറഞ്ഞു.

മതപരിവര്‍ത്തനവും മറ്റു അനുബന്ധ കുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ യു.പിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്. യു.പിയിലെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക സേവനവും മറ്റും നടത്തി വര്‍ഷങ്ങളായി താമസിക്കുന്നവരാണിവര്‍. ഇവരുടെ സ്ഥാപനങ്ങളും പള്ളികളും സ്‌കൂളുകളും ആക്രമണത്തിനിരയാകുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് സംഘ്പരിവാര്‍ നേതാക്കള്‍ നൽകിയ പരാതികളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മതപരിവര്‍ത്തനം നടത്തിയ വ്യക്തിയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ പരാതിപ്പെട്ടാല്‍ മാത്രമേ നടപടി പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ചാണ് നടപടി. 2022 ജൂലൈ മുതല്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പാസ്റ്റര്‍മാരുടെ ജാമ്യാപേക്ഷകള്‍ തീര്‍പ്പാകാതെ ലഖ്നോ ബെഞ്ചില്‍ കിടക്കുകയാണ്.

വിഷയത്തില്‍ കെ.പി.സി.സി ഇടപെടണമെന്ന് പെന്തകോസ്ത് സംഘടനകള്‍ അഭ്യർഥിച്ചതിനെ തുര്‍ന്നാണ് കെ.പി.സി.സി വസ്തുതകള്‍ പഠിക്കാന്‍ തീരുമാനിച്ചത്. ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോട് കെ.പി.സി.സി അഭ്യർഥിച്ചിട്ടുണ്ടെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെ.പി.സി.സി പിന്തുണ നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - 'Christian persecution in BJP-ruled states should end'; K. Sudhakaran gave letter to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.