നി​ര​ണം ചു​ണ്ട​ൻ മാ​ലി​പ്പു​ര​യി​ൽ. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ചു​ണ്ട​നാ​ണ്​ നി​ര​ണം

ചുണ്ടൻ വള്ളങ്ങൾ 'സുഖചികിത്സയിൽ'; നാളെ പുന്നമടയിൽ പോരിനിറങ്ങും

ആലപ്പുഴ: കിഴക്കിന്‍റെ വെനീസിൽ ലോക പ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരുദിവസം മാത്രം ശേഷിക്കെ പരിശീലനം പൂർത്തിയാക്കി ചുണ്ടൻ വള്ളങ്ങൾ 'സുഖചികിത്സയിൽ'. വെള്ളം തൊടാതെ വള്ളം പറപ്പിക്കാൻ മുമ്പ് പച്ചമുട്ടയും ഗ്രീസുമൊക്കെ തേച്ചുടിപ്പിച്ചാണ് വള്ളം സജ്ജമാക്കിയിരുന്നതെങ്കിൽ സ്ലീക്ക് അടിച്ചാണ് ഇപ്പോൾ ഒരുക്കം.

കരക്ക് കയറ്റിയ വള്ളത്തിന് പരമാവധി ഉണക്ക് കൊടുത്ത് ജലാംശം പൂർണമായും നീക്കിയശേഷമാണ് തടിയിൽ ഒരു തുള്ളി വെള്ളം പോലും പിടിക്കാത്ത സ്ലീക്ക് അടിക്കുന്നത്. വിദഗ്ധരായ പെയിന്‍റർമാരുടെ പ്രഫഷനൽ സംഘം ഇതിനായി രംഗത്തുണ്ട്.

മത്സരത്തിനുള്ള ചുണ്ടൻ വള്ളങ്ങളെല്ലാം മൂന്നാഴ്ചയായി നടന്ന തീവ്രപരിശീലനം പൂർത്തിയാക്കി കരക്ക് വിശ്രമത്തിലാണ്. പരിചരണവും കായിക പരിശീലനവുമായി തുഴച്ചിലുകാരും വള്ളപ്പുരകളോട് ചേർന്നുണ്ട്. കളിദിവസം ഞായറാഴ്ച രാവിലെയാണ് ഇനി ആഘോഷമായ നീറ്റിലിറക്കൽ.

ദേവാലയ ദർശനവും കഴിഞ്ഞ് പ്രാർഥനയോടെ അങ്കത്തട്ടിലേക്ക്. ചില ചുണ്ടൻ വള്ളങ്ങൾ ദിവസങ്ങൾക്ക് മുമ്പുതന്നെ കരക്ക് കയറ്റിയിരുന്നു. എന്നാൽ, തുഴച്ചിലുകാർ ചെറുവള്ളങ്ങളിലും മറ്റുമായി പരിശീലനം തുടരുകയാണ്.

12 വേദികളിലായി അരങ്ങേറുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനും നെഹ്റു ട്രോഫിയോടെ തുടക്കമാകുകയാണ്. സി.ബി.എൽ പ്രവേശനം ചുണ്ടൻ വള്ളങ്ങൾക്കെല്ലാം അഭിമാന പ്രശ്നമായി മാറിയതോടെ എല്ലാ വള്ളങ്ങളും ദേശീയതലത്തിൽ പ്രശസ്തരായ കോച്ചുകളെ അടക്കം രംഗത്തിറക്കി ഒന്നിനൊന്ന് മെച്ചമായ പരിശീലന തന്ത്രങ്ങളാണ് പുറത്തെടുക്കുന്നത്.

കോവിഡ്മൂലം രണ്ട് വർഷം തടസ്സപ്പെട്ടതിനാൽ 2019ൽ തുടങ്ങിയ സി.ബി.എല്ലിന്‍റെ രണ്ടാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. 2019ൽ നെഹ്റു ട്രോഫിയിൽ മികച്ച സമയം കുറിച്ച ഒമ്പത് വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് ശേഷം നടക്കുന്ന 11 മത്സരങ്ങളിലും ഇത്തവണ പോരടിക്കുക.

ഇത്തവണ നെഹ്റു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് അടുത്ത വർഷത്തെ സി.ബി.എല്ലിലാണ് അവസരം. നടുഭാഗം ചുണ്ടനിൽ മത്സരിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നിലവിലെ സി.ബി.എൽ ജേതാക്കൾ. അവർ ഇത്തവണ കാട്ടിൽ തെക്കതിലേക്ക് മാറിയപ്പോൾ കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ പൊലീസ് ബോട്ട് ക്ലബ് കാരിച്ചാൽ വിട്ട് ചമ്പക്കുളത്തിലും മത്സരിക്കുന്നു.

ഏറ്റവും അവസാനം നീറ്റിലിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള നിരണം ചുണ്ടനും കുമരകം ക്ലബുകളുമൊക്കെ അതിതീവ്ര പരിശീലനവുമായി പോരാടാനിറങ്ങുമ്പോൾ ഇത്തവണ പുന്നമടയിൽ മത്സം പൊടിപാറും.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിര തീർത്ത് 68ാമത് നെഹ്റു ട്രോഫി വള്ളംകളി ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി പതാക ഉയർത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, പി. പ്രസാദ്, റോഷി അഗസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. രാവിലെ 11ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറും.

ഇതിന് പിന്നാലെ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാല് വള്ളം വീതം മത്സരിക്കും. ഇതിൽ മികച്ച സമയംകുറിച്ച് ആദ്യമെത്തുന്ന നാലുവള്ളങ്ങൾ നെഹ്റു ട്രോഫി ഫൈനൽ പോരാട്ടത്തിന് ഇറങ്ങും.

വൈകീട്ട് നാല് മുതൽ അഞ്ച് വരെയാണ് ഫൈനൽ. മികച്ച സമയം കുറിക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കാൻ യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുക. യന്ത്രവത്കൃത സ്റ്റാർട്ടിങ്, ഫോട്ടോ ഫിനിഷിങ് സംവിധാനവുമുണ്ട്.

മുൻകൂട്ടി അനുമതിയില്ലാതെയും ഡ്രോണുകൾ ഉപയോഗിച്ച് വിഡിയോകൾ ചിത്രീകരിക്കാനും കർശന നിയന്ത്രണമുണ്ടാകും. വാർത്തസമ്മേളനത്തിൽ ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ, സബ് കലക്ടർ സൂരജ് ഷാജി, ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, ബിനു ബേബി, ജില്ല ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Chundan boats under workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.