തിരുവനന്തപുരം: ആരാധനാ സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കുന്നതിന് നിയമനിർമാണം ആവശ്യപ്പെട്ട് യാക്കോബായ സഭ മെത്രാപോലീത്തമാരുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. പുതുവർഷദിനത്തിൽ സെക്രേട്ടറിയറ്റിന് മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മെത്രാപോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.
എല്ലായിടത്തും നിയമം മാത്രം പറയുകയാണോ വേണ്ടത് എന്ന് ഒാർത്തഡോക്സ് വിഭാഗം ചിന്തിക്കണമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത വ്യക്തമാക്കി. നിയമങ്ങൾക്ക് അപ്പുറം നീതിയുക്തമായ നിലപാടുകൾ സ്വീകരിക്കണം. ഒാർത്തഡോക്സ് വിഭാഗം സുവിശേഷവും പ്രത്യയ ശാസ്ത്രവും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
അറുന്നൂറിലധികം പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ മറുവിഭാഗത്തെ പിന്തിരിപ്പിക്കണം. ജനകീയ സർക്കാർ സാഹചര്യത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കണം. കോടതി വിധിയിലൂടെ മാത്രം ശാശ്വത പരിഹാരം സാധ്യമല്ല. അടങ്ങിയിരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സത്യഗ്രഹ സമരവുമായി ഇറങ്ങിയതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
പള്ളിത്തർക്ക വിഷയത്തിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ആർജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തിയുള്ള സർക്കാറും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യഗ്രഹ സമരത്തിൽ സഭയിലെ എല്ലാ മെത്രാപോലീത്തമാരും വൈദികരും സഭ ഭാരവാഹികളും വർക്കിങ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും പെങ്കടുക്കുന്നത്. ആരോഗ്യ കാരണങ്ങളാൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഇന്നത്തെ സമരത്തിൽ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.