ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം 2017ലെ വിധിപ്രകാരം യാക്കോബായ സഭ ഓർത്തഡോക്സ് സഭക്ക് വിട്ടു നൽകണമെന്ന് സുപ്രീംകോടതി. പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം രണ്ടാഴ്ചക്കകം യാക്കോബായ സഭ സമർപ്പിക്കണം. നടപടി സീകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് യാക്കോബായ സഭക്ക് മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലം ഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നിവയാണ് കൈമാറേണ്ടത്. സ്കൂളുകൾ, ആശുപത്രികൾ, സെമിത്തേരികൾ തുടങ്ങി പള്ളികോമ്പൗണ്ടിലെ പൊതുസംവിധാനങ്ങൾ കൈമാറ്റം പൂർത്തിയായാലും എല്ലാവർക്കും തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
പള്ളിത്തർക്ക കേസിലെ ഉത്തരവ് പാലിക്കാത്തതിനാൽ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈകോടതി ഉത്തരവിനെതിരെ മുൻ ചീഫ് സെക്രട്ടറി വി. വേണു, ഡി.ജി.പി. ഷെയ്ഖ് ദർവേശ് സാഹിബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് രണ്ടാഴ്ചക്കകം ഭരണം കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടത്. നേരിട്ട് ഹാജരാകുന്നതിന് ഉന്നത ഉദ്യോഗസ്ഥർക്ക് നേരത്തേ സുപ്രീംകോടതി നൽകിയ ഇളവ് തുടരും.
മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ അവസാന ആശ്രയമായിരിക്കണമെന്ന് കോടതിയലക്ഷ്യ ഹരജി നൽകിയ ഓർത്തഡോക്സ് വിഭാഗത്തെ ബെഞ്ച് ഓർമിപ്പിച്ചു.
മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934ലെ മലങ്കര സഭയുടെ ഭരണഘടന അനുസരിച്ചായിരിക്കണം ഭരണം നടത്തേണ്ടതെന്ന 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിടുന്നതെന്നും ബെഞ്ച് അറിയിച്ചു. കേസ് ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു പകരം യാന്ത്രികമായി പള്ളികൾ ഏറ്റെടുത്ത് കൈമാറുന്നത് ശാശ്വത പരിഹാരമാവില്ലെന്നും പ്രശ്നപരിഹാര ശ്രമങ്ങൾക്ക് ആറു മാസംകൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. തർക്കസ്ഥലങ്ങൾ യാക്കോബായ ശക്തികേന്ദ്രങ്ങളായതിനാൽ ക്രമസമാധാന പ്രശ്നമുണ്ടാകും. 2017ലെ വിധി നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചപ്രകാരം ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.