കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടിത്തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിനെത്തിയ സി.പി.എം സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും കാഷ്യു വർക്കേഴ്സ് സെൻറർ-സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ. കാസിം (69) കുഴഞ്ഞുവീണ് മരിച്ചു.
കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി ആശ്രാമം െഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാവിലെ 11.15ന് യൂനിയൻ പ്രതിനിധികളുടെ യോഗം തുടങ്ങുന്നതിനുമുമ്പ് ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
കശുവണ്ടി വ്യവസായികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയശേഷം തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിൽ പെങ്കടുക്കാൻ കസേരയിൽ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആംബുലൻസിലാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മരണവിവരമറിഞ്ഞ് േയാഗം നിർത്തിെവച്ച് മുഖ്യമന്ത്രി, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, മറ്റ് സി.പി.എം നേതാക്കൾ എന്നിവർ ആശുപത്രിയിലെത്തി.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥിയായിരിക്കെ കെ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ ഇ. കാസിം എസ്.എഫ്.ഐയുടെ ആദ്യ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. സി.പി.എം അടൂർ, കുന്നത്തൂർ താലൂക്ക് സെക്രട്ടറി, ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി, കശുവണ്ടിത്തൊഴിലാളി യൂനിയൻ കുന്നത്തൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു. കശുവണ്ടി വികസന കോർപറേഷൻ, കാപക്‌സ് എന്നിവയുടെ ചെയർമാനായും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ്, സി.ഐ.ടി.യു ഭവൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് െവച്ചശേഷം വിലാപയാത്രയായി കുടുംബവീടായ ശാസ്താംകോട്ട ഭരണിക്കാവ് കൂവളത്തറ ലോട്ടസ് ഭവനിലെത്തിച്ചു. ഖബറടക്കം മൈനാഗപ്പള്ളി കാരൂർകടവ് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ 11ന് നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഭാര്യ: സൽമത്ത്. മക്കൾ: ശ്യാംലാൽ (ഗൾഫ്), സജിലാൽ (അധ്യാപകൻ, മൈലാപ്പൂർ), കെ.എസ്. സോയ (അധ്യാപിക, ബോയ്‌സ് എച്ച്.എസ്, തേവലക്കര), സൂഫിയ (അധ്യാപിക, ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: ഷംല (അധ്യാപിക, ബോയ്‌സ് എച്ച്.എസ്, കരുനാഗപ്പള്ളി), മുംതാസ്, എച്ച്. സലീം (വില്ലേജ് ഓഫിസർ, മൈനാഗപ്പള്ളി), അൻസാദ് (ഗൾഫ്).
ഇ. കാസിമിേൻറത് അവകാശപോരാട്ടങ്ങൾക്ക് സമർപ്പിച്ച ജീവിതം
കൊല്ലം: തൊഴിലാളി അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട ഇ. കാസിമിെൻറ ജീവിതാവസാനവും തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ചയാവേണ്ട യോഗത്തിൽ. മുഖ്യമന്ത്രി വിളിച്ചുചേർച്ച കശുവണ്ടി തൊഴിലാളി യൂനിയൻ നേതാക്കളുടെ േയാഗത്തിൽ നിലവിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പോടെയാണ് കാസിം എത്തിയത്. അതിന് കഴിയാതെ അദ്ദേഹം വിടവാങ്ങിയപ്പോൾ നിലച്ചത് ജില്ലയിൽ പതിറ്റാണ്ടുകളോളം അവകാശസമരങ്ങൾക്ക് മുന്നണിയിൽനിന്ന ശബ്ദം കൂടിയായിരുന്നു. ആശ്രാമം െഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാവിലെ 11.15ന് യൂനിയൻ പ്രതിനിധികളുടെ യോഗം തുടങ്ങുന്നതിനുമുമ്പ് ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സി.ഐ.ടി.യു കൊല്ലം ജില്ലാ വൈസ് പ്രസിഡൻറ്, കാഷ്യൂ വർക്കേഴ്സ് സെൻറർ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കാഷ്യൂ സ്റ്റാഫ് സെൻറർ സംസ്ഥാന വൈസ് പ്രസിഡൻറ്, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സജീവ പ്രവർത്തനമാണ് കാസിം നടത്തിയത്. ഏറ്റെടുക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. സി.പി.എമ്മിെൻറയും സി.െഎ.ടി.യുവിെൻറയും വിവിധ പദവികൾ വഹിക്കുേമ്പാഴും സംഘടനാചട്ടക്കൂടുകൾ കർശനമായി പാലിച്ചായിരുന്നു മുന്നോട്ടുപോയത്. ജില്ലാ കൗൺസിൽ അംഗമായും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. കാസിമിെൻറ വേർപാട് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കനത്തനഷ്ടമാണെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. സുദേവനും പറഞ്ഞു.
വിടവാങ്ങിയത് ജനപക്ഷത്ത് പ്രവർത്തിച്ച കമ്യൂണിസ്റ്റ് നേതാവ്
ശാസ്താംകോട്ട: തൊഴിലാളി സംഘടനാപ്രവർത്തനത്തിനുവേണ്ടി സമർപ്പിതമായിരുന്നു ഇ. കാസിം എന്ന നേതാവിെൻറ ജീവിതം. പിന്നാലെ വന്നവരും കൈപിടിച്ച് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നവരുമെല്ലാം ഉന്നതസ്ഥാനങ്ങളിലേക്ക് പടികയറി പോയപ്പോഴും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ ഭൂമികയിൽ നിസ്സംഗതയോടെ തൊഴിലാളിപക്ഷ പ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. മൈനാഗപ്പള്ളി കാരൂർക്കടവിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഇ. കാസിം എസ്.എഫ്.െഎയുടെ പൂർവരൂപമായ കെ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1970 ഡിസംബർ 31, 1971 ജനുവരി ഒന്ന്, രണ്ട് തീയതികളിലായി എസ്.എഫ്.െഎ രൂപവത്കരിക്കപ്പെട്ടപ്പോൾ കൊല്ലം ജില്ലാ പ്രസിഡൻറായി.
കേരളത്തിലെ കാമ്പസുകളിൽ കെ.എസ്.യു കത്തിനിന്ന കാലത്ത് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ പി.ആർ. അയ്യപ്പദാസിനൊപ്പം എസ്.എഫ്.െഎയുടെ പതാക പാറിച്ചു. കോളജ് വിദ്യാഭ്യാസത്തിനുശേഷം സി.പി.എം ശാസ്താംകോട്ട ലോക്കൽ സെക്രട്ടറിയായി. പാടം മുതൽ പടിഞ്ഞാറേകല്ലട വരെ നീളുന്ന അവിഭക്ത കുന്നത്തൂർ താലൂക്കിലെ സി.പി.എമ്മിെൻറ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. ഇതിനിടെ പുന്നമൂട് കശുവണ്ടി ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂനിയൻ രംഗത്ത് ചുവടുറപ്പിച്ചു. സി.െഎ.ടി.യുവിെൻറ ജില്ലാ പ്രസിഡൻറും കാഷ്യൂ വർക്കേഴ്സ് സെൻറർ (സി.െഎ.ടി.യു) സംസ്ഥാന ജനറൽസെക്രട്ടറിയുമായി പിന്നീട്. 1991ൽ ജില്ലാ കൗൺസിലിലേക്കും 1996ൽ ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറും കുറഞ്ഞ കാലം ആക്ടിങ് പ്രസിഡൻറുമായി. കാപ്പക്സിെൻറയും കശുവണ്ടി വികസന കോർപറേഷെൻറയും ചെയർമാനായും 10 വർഷത്തോളം പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് 13 മാസം ജയിൽവാസം അനുഭവിച്ചു. അന്നേറ്റ മർദനങ്ങൾ പിന്നീട് ആരോഗ്യത്തിന് വെല്ലുവിളിയായി. 1988 മുതൽ സി.പി.എമ്മിെൻറ ജില്ലാ സെക്രേട്ടറിയറ്റ് അംഗമാണ്. ഇത്രയുംകാലം ഇൗ പദവിയിലിരുന്ന മറ്റൊരു സി.പി.എം നേതാവും കൊല്ലത്തില്ല. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൺട്രോൾ കമീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലെ സി.പി.എമ്മിെൻറ ന്യൂനപക്ഷമുഖമായിരുന്നു ഇ. കാസിം. രാഷ്ട്രീയശത്രുക്കൾ പോലും ബഹുമാനിക്കുന്ന മൂല്യാധിഷ്ഠിത പൊതുപ്രവർത്തനത്തിെൻറ നേർക്കാഴ്ചയായിരുന്നു ആ വിപ്ലവജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.