സി.ഐ.ടി.യു അയഞ്ഞു; ഓട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ്: ഭിന്നതക്ക് പരിഹാരം

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിച്ചതിൽ സി.ഐ.ടി.യുവും ഗതാഗത മന്ത്രിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതക്ക് പരിഹാരം. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികൾ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ധാരണക്ക് വഴി തെളിഞ്ഞത്.

ഓട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകിയ തീരുമാനം പിൻവലിക്കണമെന്ന മുൻ നിലപാടിൽനിന്ന് സി.ഐ.ടി.യു അയഞ്ഞു. സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്‍റെ ഭാഗമായി ടാക്‌സി കാറുകളിലേത് പോലെ ടാക്‌സ് വർധിപ്പിക്കരുതെന്നതായിരുന്നു സി.ഐ.ടി.യുവിന്‍റെ ആവശ്യങ്ങളിലൊന്ന്. ഇനി നികുതി ഏർപ്പെടുത്തുകയാണെങ്കിൽ ആവശ്യക്കാർക്ക് മാത്രമായി സ്റ്റേറ്റ് പെർമിറ്റ് നൽകണം. നികുതി നിബന്ധന മൂലം സ്റ്റേറ്റ് പെർമിറ്റിന് താൽപര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട് ചേർന്നുള്ള ജില്ലയിൽ പൂർണമായി സഞ്ചരിക്കാൻ അനുമതി നൽകണം.

നിലവിൽ അയൽ ജില്ലയിൽ 20 കിലോമീറ്റർ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ അനുമതിയുള്ളത്. പെർമിറ്റ് ലഭിച്ച വാഹനങ്ങൾ നിലവിലുള്ള മറ്റ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്ക് ചെയ്യുന്നതും തടഞ്ഞ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കണം.

സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ സിറ്റിയിൽ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതിനും അനുവദിക്കരുത്. അപകടത്തിന്റെ ഉത്തരവാദിത്തം ഡ്രൈവർക്ക് മാത്രമാണ് എന്ന എസ്.ടി.എ പുതിയ തീരുമാനം പിൻവലിക്കണമെന്നതുമടക്കം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഉചിതമായ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജു എബ്രഹാം, ജനറൽ സെക്രട്ടറി കെ.എസ്. സുനിൽകുമാർ, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി നാലാഞ്ചിറ ഹരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റി നൽകിയ നിവേദനം പരിഗണിച്ചാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിച്ചത്. സ്ഥിരമായി തൊഴിൽ ചെയ്തുവരുന്നിടത്ത് പുതിയ തൊഴിലാളികൾ എത്തുന്നതോടെ സംഘർഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഈ തീരുമാനത്തെ എതിർത്തു.

Tags:    
News Summary - CITU relaxed; State Permit for Autos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.