കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ വിവാദ പരാമർശത്തോടെ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം ഹൈകോടതി റദ്ദാക്കി. കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലം മാറ്റിയത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജഡ്ജി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിരമിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമാണുള്ളതെന്നും വിവിധ അസുഖങ്ങൾക്ക് കോഴിക്കോട്ട് ചികിത്സ നടത്തുന്നതുമടക്കം വിലയിരുത്തിയാണ് ഉത്തരവ്. അതേസമയം, സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലെ പരാമർശങ്ങൾ അപകീർത്തികരവും അനാവശ്യവുമായിരുന്നുവെന്ന ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. പരാതി നൽകിയ സ്ത്രീയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്ന പരാമർശത്തോടെയാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയായി ജൂൺ ആറിന് ചുമതലയേറ്റ കൃഷ്ണകുമാറിനെ സ്ഥലംമാറ്റി ആഗസ്റ്റ് 23നാണ് ഉത്തരവിറങ്ങിയത്. അടുത്ത വർഷം മേയ് 31ന് വിരമിക്കുന്നതുവരെ തനിക്ക് കോഴിക്കോട് ജില്ല ജഡ്ജിയായി തുടരാമെന്നിരിക്കെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫിസറായി സ്ഥലം മാറ്റിയത് നിയമവിരുദ്ധമാണെന്നായിരുന്നു വാദം. ജില്ല ജഡ്ജിക്ക് സമാനമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതെന്നും സ്ഥലംമാറ്റം മാർഗനിർദേശങ്ങൾ പാലിക്കാതെയായിരുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
സ്ഥലം മാറ്റം ഇദ്ദേഹത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. സേവനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിലാണ് നടപടിയെന്നാണ് ഉത്തരവിലുള്ളതെങ്കിലും ശിക്ഷയുടെ സ്വഭാവത്തിലുള്ളതാണ് ഈ സ്ഥലം മാറ്റം. അന്വേഷണം നടത്താതെ ഇത്തരമൊരു നടപടിയെടുത്തത് നീതീകരിക്കാനാവില്ല. ജുഡീഷ്യൽ ഓഫിസർമാരുടെ ആത്മവീര്യത്തെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ സമാന പദവിയിലുള്ളതല്ല പുതിയ തസ്തികയെന്ന പരാതിയും കോടതി പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.