തിരുവനന്തപുരം: ഒത്തുതീർപ്പ് ചർച്ചകളും അനുരഞ്ജനങ്ങളും പാളിയതോടെ സിവിൽ പൊലീസ് ഓഫിസർ (സി.പി.ഒ) തസ്തികയിലേക്ക് ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നിരത്തി പൊലീസ് ആസ്ഥാനം. എന്നാൽ, അതെല്ലാം ശുദ്ധതെറ്റെന്ന് വാദമുയർത്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. സി.പി.ഒ റാങ്ക് പട്ടികയിൽനിന്ന് നിയമനത്തിനായി എൻ.ജെ.ഡി ഒഴിവുകൾ അടക്കം ഇതുവരെ 5,038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനം അറിയിച്ചത്. എന്നാൽ, 13,975 പേർ ഉൾപ്പെട്ട കേരളത്തിലെ ഏഴ് ബെറ്റാലിയനിലേക്കുള്ള റാങ്ക് പട്ടികയിൽനിന്ന് ആകെ നിയമനം ലഭിച്ചത് 3326 പേർക്കെന്നും ഇനി നിയമനം ലഭിക്കാനുള്ളത് 9651 പേർക്കെന്നും സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. അതിനാൽ കഴിഞ്ഞമാസം 12 മുതൽ ആരംഭിച്ച സെക്രട്ടേറിയറ്റ് സമരം തിങ്കളാഴ്ച മുതൽ ശക്തമാക്കാനാണ് തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.
പൊലീസ് ആസ്ഥാനത്തുനിന്ന് പറയുന്ന 5,038 എന്ന കണക്കിൽ ഉൾപ്പെട്ടിരിക്കുന്നത് സി.പി.ഒക്ക് പുറമേ വനിത പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രൈവർ, സ്പെഷൽ റിക്രൂട്ട്മെന്റുകൾ, പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഒഴിവുകൾ എന്നിവയെന്നും റാങ്ക് ഹോൾഡേഴ്സ് അറിയിപ്പിൽ വ്യക്തമാക്കി.
റാങ്ക് പട്ടിക അവസാനിക്കാൻ 40 ദിവസം മാത്രം അവശേഷിക്കെ അടിയന്തരമായി ഇക്കാര്യത്തിൽ സർക്കാർ നടപടി ഉണ്ടാകണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധവും ആത്മഹത്യാ ശ്രമംവരെയും നടന്നിരുന്നു. ഉദ്യോഗാർഥികളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയിരുന്നു.
തുടർന്ന് ശനിയാഴ്ച വൈകി ഉദ്യോഗാർഥികളുമായി ഡി.ജി.പി നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു.സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽനിന്നും നിലവിലെ ഒഴിവുകൾ ശേഖരിക്കുമെന്നും അത് സർക്കാർ അനുമതിയോടെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അറിയിച്ചെങ്കിലും അത് അംഗീകരിക്കാൻ ഉദ്യോഗാർഥികൾ തയാറായില്ല. തുടർന്നാണ് സമരം ശക്തമാക്കുകയാണെന്ന തീരുമാനം അവർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.