തിരുവനന്തപുരം: മത്സ്യത്തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി ആറുപേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മജീദിന് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരായത്.
കരള്‍, വൃക്ക, കണ്ണുകള്‍, രണ്ട് ഹൃദയ വാല്‍വുകള്‍ എന്നിവയാണ് ദാനം ചെയ്തത്. വൃക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീചിത്ര ആശുപത്രിക്കും കോര്‍ണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്കുമാണ് നല്‍കിയത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ മന്ത്രി കെ.കെ. ശൈലജ ആദരവറിയിച്ചു. എക്കാലവും മജീദിനെ കേരളമോര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പേ ബസാര്‍ എറിയാട് വില്ലേജില്‍ ചേറാടിയില്‍ കുഞ്ഞുമൊയ്ദീെൻറ മകനായ സി.കെ. മജീദ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമാണ്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ഔദ്യോഗിക ചര്‍ച്ചക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക്ഡൗണ്‍ സമയത്ത് മത്സ്യത്തൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടാനാണെത്തിയത്. ചര്‍ച്ച കഴിഞ്ഞ് മടങ്ങവെ പള്ളിപ്പുറത്തിനടുത്തുെവച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പിക്-അപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാരം കൊടുങ്ങല്ലൂര്‍ എറിയാട് ജമാഅത്ത് പള്ളിയില്‍ രാത്രി വൈകി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റംലത്ത്. മക്കൾ: മണ്‍സൂര്‍, മന്സില, സുലേഖബീവി. മരുമക്കൾ: ബഷീര്‍, അന്‍ഷാദ്, ജസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.