കാക്കനാട് (കൊച്ചി): തൃക്കാക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച ക്യാമ്പിൽ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി. പി.ടി. തോമസ് എം.എൽ.എ പങ്കെടുത്ത ക്യാമ്പിലാണ് എ, ഐ ഗ്രൂപ്പുകാർ ഏറ്റുമുട്ടിയത്. മൂന്നുപേർക്ക് പരിക്കേറ്റു. 27 പേർക്കെതിരെ കേസെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കാക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ ക്യാമ്പിലായിരുന്നു കൂട്ടത്തല്ലുണ്ടായത്. ക്യാമ്പ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി എ. പ്രസാദും പി.ടി. തോമസും മടങ്ങിയതിന് പിന്നാലെ ഇരു വിഭാഗവും കസേര അടക്കമുള്ളവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഒരു ബൂത്ത് കമ്മിറ്റിയുടെ പ്രസിഡൻറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കസേര കൊണ്ടുള്ള അടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എം. മന്‍സൂർ, വൈസ് പ്രസിഡൻറ് മുഹമ്മദ് റസൽ, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.എൻ. നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലും ഇരുകൂട്ടരും ഏറ്റുമുട്ടി. ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് റസലിനെ മർദിക്കുകയായിരുന്നു.
മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. എ ഗ്രൂപ്പുകാരായ മൻസൂറിനെയും നവാസിനെയും ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷാജി വാഴക്കാല ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തു. ഐ ഗ്രൂപ്പിലെ റസലിനെ ആക്രമിച്ചതിന് മൻസൂർ ഉൾപ്പെടെ 19 പേർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.