എം.എസ്.എഫ് വനിത വിഭാഗത്തിൽ പൊട്ടിത്തെറി; മലപ്പുറത്തെ പുതിയ ജില്ല കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സംസ്ഥാന നേതൃത്വം

മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ 'ഹരിത'യുടെ മലപ്പുറം ജില്ല കമ്മിറ്റിയെ തള്ളി സംസ്ഥാന കമ്മിറ്റി. വ്യാഴാഴ്ച വൈകുന്നേരം പ്രഖ്യാപിക്കപ്പെട്ട ഹരിതയുടെ പുതിയ ജില്ല കമ്മിറ്റിക്ക് ഹരിതയുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും അറിയിച്ചു. കെ. തൊഹാനി പ്രസിഡൻറും എം.പി. സിഫ്വ ജനറൽ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായ കമ്മിറ്റിയെ പ്രഖ്യാപിച്ചത് എം.എസ്.എഫ് ജില്ല നേതൃത്വമാണ്. ഇത് ഔദ്യോഗിക കമ്മിറ്റിയല്ലെന്നാണ് ഹരിത സംസ്ഥാന ഭാരവാഹികൾ പറയുന്നത്.




എം.എസ്.എഫ് ജില്ല കമ്മിറ്റിയുമായി ആശയവിനിമയം നടത്തി ഹരിത ജില്ല കമ്മിറ്റിയെ ഹരിതയുടെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്നതായിരുന്നു രീതി. എന്നാൽ, ഇക്കുറി എം.എസ്.എഫ് ജില്ല കമ്മിറ്റി തന്നെ ഓൺലൈൻ യോഗം വിളിച്ചാണ് ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നജ്വ ഹനീന പ്രസിഡൻറും എം. ഷിഫ ജനറൽ സെക്രട്ടറിയുമായ ഹരിത ജില്ല കമ്മിറ്റി 2018 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതാണ് ഔദ്യോഗിക കമ്മിറ്റിയെന്നാണ് സംസ്ഥാന ഭാരവാഹികളുടെ പക്ഷം. ഈ വിവരം സംഘടനയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 



ഇന്നേവരെ ഹരിതയുടെ ഒരു യോഗത്തിൽ പോലും പങ്കെടുക്കാത്തവരും മറ്റു വിദ്യാർഥി സംഘടനകളിൽ പ്രവർത്തിക്കുന്നവരും പ്രായപരിധി കഴിഞ്ഞവരുമാണ് ഏകപക്ഷീയമായി പ്രഖ്യാപിച്ച കമ്മിറ്റിയിലുള്ളതെന്ന് ഇവർ ആരോപിക്കുന്നു. എം.എസ്.എഫിലെ ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന് ഹരിത സംസ്ഥാന കമ്മിറ്റി കത്ത് നൽകിയിട്ടുണ്ട്. 

Tags:    
News Summary - clash in msf haritha, state leadership will not approve new malappuram district committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.