തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ അധ്യയനം തുടങ്ങുന്നു. കോവിഡിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഭാഗികമായിട്ടാണെങ്കിലും രാവിലെ മുതൽ വൈകീട്ട് വരെയുള്ള അധ്യയനം പുനഃരാരംഭിക്കുന്നത്. കാറ്റഗറി നിശ്ചയിച്ചുള്ള നിയന്ത്രണത്തിൽ ക്ലാസുകൾ നിർത്തിവെച്ച കോളജുകളിലും തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കും. കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നത് മുതൽ ഉച്ചവരെയാണ് അധ്യയനം അനുവദിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാച്ചുകളായുള്ള അധ്യയനം തുടരും.
എന്നാൽ 14ന് പുനരാരംഭിക്കുന്ന ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ ചർച്ച നടക്കും. ഈ ക്ലാസുകൾക്ക് ഉച്ചവരെ അധ്യയനം നടത്താനാണ് ധാരണ. എന്നാൽ ബാച്ചുകളായുള്ള അധ്യയനമായതിനാൽ വിദ്യാർഥികൾ എല്ലാ ദിവസവും വരേണ്ടതില്ലാത്തതിനാൽ വൈകുന്നേരം വരെ ക്ലാസ് ദീർഘിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
14 വരെ ഈ ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരും. മാർച്ച് അവസാനത്തിലും ഏപ്രിലിലുമായി പൊതുപരീക്ഷ നടക്കുന്നതിനാലാണ് പത്ത്, പ്ലസ് ടു ക്ലാസുകൾ വൈകുന്നേരമാക്കുന്നത്. പിന്നാലെ പ്ലസ് വണ്ണിനും പൊതുപരീക്ഷ നടത്തേണ്ടതിനാൽ ഈ വിദ്യാർഥികളെയും വൈകീട്ട് വരെയുള്ള അധ്യയനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. കോളജുകൾക്ക് നേരത്തെ സർക്കാർ ഉത്തരവ് പ്രകാരം നിശ്ചയിച്ച സമയപ്രകാരം തന്നെയായിരിക്കും ക്ലാസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.