തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന നടപടികൾക്ക് അടുത്തയാഴ്ച തുടക്കം. 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കി വാർഡുകൾ നിജപ്പെടുത്തി സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടി ആരംഭിക്കും. പഞ്ചായത്തുകളുടേത് പഞ്ചായത്ത് ഡയറക്ടറും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയുടേത് സർക്കാറുമാണ് ഉത്തരവ് ഇറക്കേണ്ടത്.
അതിനു ശേഷം വാർഡ് വിഭജനത്തിനു രൂപവത്കരിച്ച കമീഷൻ യോഗം ചേർന്ന് മാനദണ്ഡങ്ങൾ അംഗീകരിച്ചാൽ പ്രവർത്തനം ആരംഭിക്കും. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് വകുപ്പിലെ ജോയന്റ് ഡയറക്ടറെ ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വോട്ടർമാരുടെ എണ്ണമാണ് വാർഡ് വിഭജനത്തിന്റെ അടിസ്ഥാനം. തുടർന്ന് പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി തിരിച്ച് പുതിയ വാർഡിന്റെ കരട് ഭൂപടം തയാറാക്കും. എല്ലാ വാർഡിലും ജനസംഖ്യ ഏകദേശം ഒരു പോലെ ക്രമീകരിച്ചാണ് അതിർത്തി തിരിക്കുക.
തുടർന്ന് കമീഷൻ സിറ്റിങ് നടത്തി തീരുമാനമെടുത്ത് നിർദേശങ്ങൾ തദ്ദേശ സെക്രട്ടറിമാർ കലക്ടർമാർക്ക് നൽകും. കലക്ടർമാർ കരട് കമീഷന് സമർപ്പിച്ച് പ്രസിദ്ധപ്പെടുത്തുകയാണ് ആദ്യ നടപടി. ശേഷം ആക്ഷേപങ്ങളും പരാതികളും കേട്ടു പരിഹരിക്കാവുന്നത് പരിഹരിച്ചശേഷം അന്തിമ വിജ്ഞാപനം ഇറക്കും. ആറു മാസത്തിനകം വാർഡ് വിഭജന നടപടി പൂർത്തിയാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ കമീഷൻ ചെയർമാനുമായ എ. ഷാജഹാൻ അറിയിച്ചു. 2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡ് പ്രകാരമായിരിക്കും. സംസ്ഥാനത്തെ 1200 ഓളം തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതമാണ് കൂടുന്നത്.
തിരുവനന്തപുരം: അതിർത്തി പുനർനിർണയത്തിൽ ഓരോ വാർഡ് വീതം കൂടുന്നതോടെ ഒന്നരക്കോടിയോളം കെട്ടിടങ്ങളുടെ നമ്പറും ഭൂപരിധിയും മാറും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നിലവിൽ 19,489 വാർഡുണ്ട്. പഞ്ചായത്തുകളിൽ ഒരു കോടി കെട്ടിടങ്ങൾ ഉണ്ടെന്നാണ് കണക്ക്. കോർപറേഷൻ മേഖലകളിൽ 48 ലക്ഷത്തിലേറെയും. വീട്, വാർഡ് നമ്പറുകൾ മാറുമ്പോൾ ആധാർ കാർഡ് ഉൾപ്പെടെ രേഖകളിൽ മാറ്റം വരുത്താൻ ജനങ്ങളും നിർബന്ധിതമാകും.
ആധാർ രേഖകളിൽ വിലാസം മാറ്റാൻ പ്രത്യേക ഫോറത്തിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖ ആവശ്യമാണ്. മറ്റു രേഖകൾക്ക് അതത് തദ്ദേശ സ്ഥാപനം നൽകുന്ന പുതിയ ഉടമസ്ഥതാ രേഖകൾവേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങൾ വീടുകളിൽ പുതിയ നമ്പറുകൾ നേരിട്ട് എത്തി പതിക്കുന്നതിനു പുറമേ, ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തി വിജ്ഞാപനവും നടത്തുന്നതോടെയേ ഇതു സാധിക്കൂ. കേരളത്തിൽ മിക്കവാറും എല്ലാ വീടുകൾക്കും വീട്ടുപേരുണ്ട്. നമ്പറുകൾ മുഖേനയല്ല വിലാസം അറിയപ്പെടുന്നത്. അതിനാൽ രേഖകളിൽ മാറ്റം വരുത്തുന്നത് നിർബന്ധമല്ല. തദ്ദേശസ്ഥാപനങ്ങളിൽ വർഷങ്ങൾ കഴിയുമ്പോൾ പുതിയ കെട്ടിട നമ്പറുകൾ വരുന്നതും സ്വാഭാവികമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.