കൊച്ചി: വൈദ്യുതി ഡ്യൂട്ടി കെ.എസ്.ഇ.ബി സർക്കാറിലേക്ക് നേരിട്ട് അടക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹരജിയിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ സർക്കാറിന് ഹൈകോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചക്കകം സമർപ്പിക്കാത്തപക്ഷം 30,000 രൂപ പിഴയോടെ മാത്രമേ പിന്നീട് സത്യവാങ്മൂലം സ്വീകരിക്കൂവെന്നും ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു.
ത്രികക്ഷി കരാർപ്രകാരം കെ.എസ്.ഇ.ബിയും സർക്കാറും വഹിക്കേണ്ട പെൻഷൻ ഫണ്ട് വിഹിതം സംബന്ധിച്ച വ്യവസ്ഥകൾ വിജ്ഞാപനത്തിലൂടെ ഏകപക്ഷീയമായി റദ്ദാക്കിയതിനെതിരായ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ത്രികക്ഷി കരാർ പ്രകാരമുള്ള പെൻഷൻ ഫണ്ട് വ്യവസ്ഥകൾ ഒഴിവാക്കി പുറപ്പെടുവിച്ച വിജ്ഞാപനം കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ ഹരജിയിൽ 2023 നവംബറിൽ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 11 തവണ ഹരജി പരിഗണിച്ചെങ്കിലും സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ, സസ്പെൻഷൻ നീട്ടിക്കൊണ്ടിരിക്കുകയാണ്.
മറ്റൊരു ഉത്തരവുണ്ടാകും വരെ ഇടക്കാല ഉത്തരവിന് പ്രാബല്യമുണ്ടാകുമെന്ന് കഴിഞ്ഞമാസം ഉത്തരവിടുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും ഹരജി പരിഗണനക്കെത്തിയപ്പോൾ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.