ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്‍റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.
അതേസമയം, സംഭവത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ ഇന്നും നാളെയുമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 12 മണിക്കൂറിനിടെയാണ് ജില്ലയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. ശനിയാഴ്ച രാത്രി 7:30-ഓടെയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംങ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാന്‍റെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു.
ആക്രമണത്തിൽ കൈകാലുകൾക്കും വയറിനും തലക്കും ഗുരുതര പരിക്കേറ്റ ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയങ്കിലും രാത്രി 12ഓടെ മരണപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പിയുടെ സഹസംഘടനായ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു. രഞ്ജിത്തിനെ ആക്രമിക്കുന്നത് തടയാൻ ഇരുവരും ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. കൃത്യം നിർവഹിച്ച ശേഷം സംഘം കടന്നുകളഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.