തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും അതുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്യുന്ന പ്രക്രിയക്ക് തുടക്കമായി. ഒാരോ മന്ത്രിമാരുടെയും വകുപ്പുകളുടെ കഴിഞ്ഞകാലത്തെ പ്രവർത്തനം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. പുതുതായി ആരംഭിക്കേണ്ട പദ്ധതികളുടെ വിലയിരുത്തലും നടക്കുന്നുണ്ട്. രാവിലെ ആരംഭിച്ച അവലോകനം വൈകീട്ട് വരെ നീണ്ടു. ഓരോ വകുപ്പിെൻറയും മൂന്നു പ്രധാന പദ്ധതികളാണ് പ്രധാനമായും വിലയിരുത്തുന്നത്. പദ്ധതികൾ നടപ്പാക്കാൻ വൈകുന്നുണ്ടെങ്കിൽ അതിെൻറ കാരണം കണ്ടെത്തി തടസ്സങ്ങൾ നീക്കുകയും ലക്ഷ്യമിടുന്നു. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പരിശോധനക്കായി വരുന്നത്.
മുഖ്യമന്ത്രിക്ക് പുറമേ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, സാംസ്കാരിക മന്ത്രി എ.കെ. ബാലൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, ഗതാഗത മന്ത്രി തോമസ് ചാണ്ടി, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരുടെ വകുപ്പുകളിലെ പദ്ധതികളാണ് ആദ്യദിവസം വിലയിരുത്തിയത്. ചൊവ്വാഴ്ച 12 മന്ത്രിമാരുടെ വകുപ്പുകളിലെ പദ്ധതികൾ അവലോകനം ചെയ്യും.
സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 12 പദ്ധതികൾ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം പ്രത്യേകമായി അവതരിപ്പിച്ചു. ഇതിെൻറ വിശദപരിശോധന പിന്നീട് നടക്കും. അതിനു ശേഷമേ ഏതെല്ലാം ഏറ്റെടുക്കണമെന്ന് തീരുമാനിക്കൂ.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി (കോ-ഓർഡിനേഷൻ) വി.എസ്. സെന്തിൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും അതത് വകുപ്പുകളുടെ സെക്രട്ടറിമാരും അവലോകനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.