സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല - വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ അക്കമിട്ട് മറുപടിയുമായി പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പഴയ സംഭവങ്ങൾ ഓർമപ്പെടുത്തിയുമായിരുന്നു വി.ഡി. സതീശന്‍റെ മറുപടി.

പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസിലുണ്ടായിരുന്ന ഗാന്ധി ചിത്രം തറയിലിട്ടത് കോൺഗ്രസുകാരാണെന്ന് പൊലീസ് സീൻ മഹസർപോലും തയാറാക്കും മുമ്പ് മുഖ്യമന്ത്രി പറഞ്ഞത് എവിടെനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തരവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത് നിരുത്തരവാദപരമാണ്. സംഘ്പരിവാറിന്റെ രാഹുൽ വേട്ടക്കൊപ്പം തങ്ങളുമുണ്ടെന്ന സന്ദേശമാണ് സി.പി.എം നല്‍കിയത്.

നിയമസഭ അടിച്ചു തകർക്കാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും സ്പീക്കറുടെ കസേര മറിച്ചിടാനും ആളുകളെ പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി മറന്നുപോയി. അതിനാൽ അദ്ദേഹത്തിൽനിന്ന് നിയമസഭ പെരുമാറ്റച്ചട്ടം പഠിക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല.

മാധ്യമ സിൻഡിക്കേറ്റ് എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെ ആക്രമിച്ചയാളാണ് പിണറായി. 'കടക്കൂ പുറത്ത്', 'മാറി നിൽക്ക് അങ്ങോട്ട്', തനിക്ക് ചെവിയിൽ പറഞ്ഞുതരാം' തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചതും പിണറായിയാണ്. വാർത്തസമ്മേളനത്തിൽ 95 ശതമാനം സമയവും ഏകപക്ഷീയമായി സംസാരിക്കുകയും രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ അനുവദിച്ച ശേഷം ഇറങ്ങിപ്പോകുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. വയനാട്ടിൽ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫിസിൽ കടന്നിട്ടില്ല. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനം ഉൾപ്പെടെ നിരവധി കോൺഗ്രസ് ഓഫിസുകളും നിരവധി പാർട്ടി പ്രവർത്തകരെയും ആക്രമിച്ച ശേഷമാണ്, പ്രതിപക്ഷം കലാപത്തിന് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളം പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് സി.പി.എം നേതാക്കളാണ്. വയനാട്ടിലെ ആക്രമണത്തെ തള്ളിപ്പറഞ്ഞെങ്കിലും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസികളെക്കുറിച്ച് വാളയാറിന് അപ്പുറവും ഇപ്പുറവും കോൺഗ്രസിന് രണ്ടു നിലപാടില്ല. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ‌ രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ ആയുധമാക്കുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ എം. ശിവശങ്കറിനെ സർവിസിൽ തിരിച്ചെടുത്ത് പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്താൻ അനുവാദം കൊടുത്ത സർക്കാർ, മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ അവർക്കെതിരെ കേസെടുത്തു. സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടുപോയി ഫോൺ പിടിച്ചെടുത്തതും മുൻ മാധ്യമപ്രവർത്തകനെ ഇടനിലക്കാരനാക്കി ഒത്തുതീർപ്പുണ്ടാക്കാൻ നോക്കിയതും വെളിപ്പെടുത്തലിനെ മുഖ്യമന്ത്രി ഭയക്കുന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 2019 ഒക്ടോബർ 23ന് മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ അംഗീകരിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ സി.പി.എം ജനങ്ങളെ കബളിപ്പിക്കാന്‍ ഹര്‍ത്താല്‍ നടത്തി. എന്നിട്ടാണ് ഇപ്പോള്‍ കോടതിയില്‍ പോകുമെന്ന് പറയുന്നതെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - CM Pinarayi Vijayan says nothing about CPM beheading of Gandhi statue - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.