കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നൽകിയ പരാതി ലോകായുക്ത തള്ളിയതിനെതിരായ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ദുരിതാശ്വാസ നിധി അനുവദിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്.
എതിർകക്ഷിയായ മുഖ്യമന്ത്രിക്ക് ചട്ടപ്രകാരം കത്തയക്കാൻ നിർദേശിച്ച കോടതി, മറ്റ് എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായി. മുഖ്യമന്ത്രിക്ക് കത്താണ് അയക്കുന്നതെങ്കിലും നോട്ടീസായാണ് പരിഗണിക്കുക. ആരോപണം നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി പരാതി തള്ളിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽറഷീദ് എന്നിവർ പ്രത്യേകം ഉത്തരവുകളാണ് പുറപ്പെടുവിച്ചിരുന്നത്. മന്ത്രിസഭ തീരുമാനത്തെ ലോകായുക്തയിൽ ചോദ്യംചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു ഉപലോകായുക്തയുടെ ഉത്തരവ്. മൂന്ന് ഉത്തരവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ഹരജിയിലെ വാദം. ഹരജി വീണ്ടും മാർച്ച് 11ന് പരിഗണിക്കും.
2018 സെപ്റ്റംബറിലാണ് ലോകായുക്തയിൽ പരാതി നൽകിയത്. ചെങ്ങന്നൂർ എം.എൽ.എയായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ മകന് അസി. എൻജിനീയർ ജോലിക്ക് പുറമെ വാഹന വായ്പ, സ്വർണപ്പണയ വായ്പ എന്നിവ തിരിച്ചടക്കാൻ 8.6 ലക്ഷം രൂപയും എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ കുടുംബത്തിന് നിയമപ്രകാരമുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചത് നിയമപരമല്ലെന്നായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.