സാലറി ചലഞ്ച്: സമ്മതപത്രം നൽകാത്തവരുടെ ശമ്പളം പിടിക്കില്ല

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സമ്മതപത്രം നൽകാത്തവരുടെ ശമ്പളത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് ഉത്തരവ്. പ്രതിപക്ഷ സർവിസ് സംഘടനകൾ ശക്തമായ വിയോജിപ്പുയർത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ വിശദീകരണം.

സമ്മതപത്രം നൽകാത്തവർക്ക് പി.എഫ് വായ്പക്കുള്ള അപേക്ഷ നൽകാൻ സ്പാർക്കിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനം ജീവനക്കാർ നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു.

തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യാമെന്ന ജീവനക്കാരുടെ അഭിപ്രായം അവഗണിച്ച് സർക്കാറിന്‍റെ പിടിച്ചെടുക്കൽ നിലപാടിൽ പ്രതിഷേധിച്ച് സമ്മതപത്രം നൽകേണ്ടതില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. അഞ്ചുദിവസത്തിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കാനുള്ള വ്യവസ്ഥ സമ്മതപത്രത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ സർവിസ് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. സ്പാർക്കിൽ ക്രമീകരണം വരുത്തിയാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് ഈടാക്കുക. ആഗസ്റ്റിലെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്.

അതിനിടെ, സാലറി ചലഞ്ചിലൂടെ സമ്മർദതന്ത്രങ്ങൾ ഉപയോഗിച്ച് ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാൻ ഉത്തരവിട്ടാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തിയില്ലെങ്കിൽ ജീവനക്കാരും ആധ്യാപകരും സമ്മതപത്രം നൽകില്ലെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കൊ) സംസ്ഥാന ചെയർമാൻ കെ.ടി. അബ്ദുൽ ലത്തീഫ് അറിയിച്ചു. ഇതിന്‍റെ പേരിൽ ആനുകൂല്യങ്ങൾ തടഞ്ഞാൽ നിയമപരമായി നേരിടും.

സമ്മതപത്രം നൽകിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കവർച്ചക്കാരുടെ ശൈലിയിൽ ഐ.എം.ജി ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - CMDRF: No salary will be taken from those who do not give consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.