തിരുവനന്തപുരം: മാസപ്പടി വിവാദം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിതനീക്കം നടക്കുന്നതായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ. സർക്കാർ സംവിധാനങ്ങളെ അഴിമതി മറക്കാൻ ദുരുപയോഗം ചെയ്യുകയാണെന്നും വിഷയത്തിൽ ധന വകുപ്പ് മൗനം പാലിക്കുകയാണെന്നും കുഴൽനാടൻ പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന അഴിമതിയും കൊള്ളയും പ്രത്യേകിച്ച് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുവെക്കാൻ വിവിധ വകുപ്പുകളേയും സർക്കാർ സംവിധാനങ്ങളേയും കൂട്ടുപിടിക്കുകയോ അല്ലെങ്കിൽ അവയെ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുകയാണ്. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ കൃത്യമായ രേഖകൾ സമർപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല. നിർണായകമായ വിഷയങ്ങൾ ചോദിക്കുമ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണ്. ഇത് എം.എൽ.എയെന്ന നിലയിൽ എന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണ്.
ആർ.ടി.ഐ പ്രകാരം ഒരു സാധാരണ പൗരൻ എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് ഒരു മാസത്തിനകം നൽകണമെന്നാണ് നിയമം. എന്നാൽ, ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ കൊടുത്ത കത്തുകൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കണം എന്നതാണ് ഇതിന് പിന്നിൽ" - മാത്യു കുഴൽ നാടൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.