സി.എം.ആർ.എൽ വ്യാജ പണമിടപാട് നടത്തി; കേസെടുക്കാൻ പൊലീസ് മേധാവിക്ക് കത്ത് നൽകിയെന്ന് ഇ.ഡി

കൊച്ചി: സി.എം.ആർ.എൽ വ്യാജ പണമിടപാട് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയെ അറിയിച്ചു. കഴിഞ്ഞ മാർച്ച് 27നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ആദ്യം കത്ത് നൽകിയത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ 10ന് വീണ്ടും കത്ത് നൽകിയെങ്കിലും നടപടിയായില്ല.

എക്സാലോജിക്ക് -സി.എം.ആർ.എൽ അനധികൃത പണമിടപാട് സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എല്ലും ഉദ്യോഗസ്ഥരും നൽകിയ ഹരജിയിൽ ഇ.ഡി കൊച്ചി സോണൽ അസി. ഡയറക്ടർ സത്യവീർ സിങ് അഡ്വ. ജയശങ്കർ വി. നായർ മുഖേന നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിൽ ഹരജി പരിഗണനക്കെത്തിയെങ്കിലും ജൂൺ ഏഴിന് പരിഗണിക്കാൻ മാറ്റി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 420, 411, 421, 424 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സി.എം.ആർ.എല്ലിൽ റെയ്ഡ് നടത്തി ചെലവുകൾ പെരുപ്പിച്ചുകാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 

Tags:    
News Summary - CMRL forged currency; ED has given a letter to the Chief of Police to file a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.