കൊച്ചി: അഴിമതിയാരോപണം മാനനഷ്ട കേസിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും കൊമ്പുകോർത്ത് മാത്യു കുഴൽനാടൻ എം.എൽ.എയും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനനും. മാത്യു കുഴൽനാടന് പങ്കാളിത്തമുള്ള കെ.എം.എൻ.പി ലോ കമ്പനിക്കെതിരെ മോഹനൻ ഉന്നയിച്ച ആരോപണമാണ് വക്കീൽ നോട്ടീസിൽ കലാശിച്ചത്. കമ്പനിക്കെതിരായ അപകീർത്തി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും 2.5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കമ്പനി മോഹനന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.
മാത്യുവിന് ദുബൈയിൽ അടക്കമുള്ള നിയമസ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചു എന്നായിരുന്നു മോഹനന്റെ പ്രധാന ആരോപണം. എന്നാൽ, മാത്യു കുഴൽനാടൻ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സ്വത്ത് വിവരത്തിലെ തെറ്റായ വസ്തുതകളും മറ്റ് സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും നിയമസ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അഭിഭാഷകൻ സി.കെ. ശശി മുഖേന വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ മോഹനൻ പറയുന്നു. എന്നാൽ, മറുപടിയെ പരിഹസിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തി. വാർത്തസമ്മേളനത്തിൽ അതിഗുരുതര ആരോപണങ്ങൾ ഉയർത്തിയശേഷം നിയമസ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാട് പിന്തിരിഞ്ഞോടാൻ ശ്രമിക്കലാണെന്ന് കുഴൽനാടൻ പറഞ്ഞു. വക്കീൽ നോട്ടീസിന് രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ട. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഫേസ്ബുക്കിൽ പങ്കുെവച്ച വിഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: മാത്യു കുഴൽനാടനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സി.എൻ. മോഹനൻ. നിലപാടിൽനിന്ന് പിന്നാക്കം പോയത് കുഴൽനാടനാണ്. കുഴൽനാടന്റെ വരുമാനത്തിലുണ്ടായ വലിയ വർധനയാണ് ചൂണ്ടിക്കാണിച്ചത്. കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. തനിക്ക് അനധികൃത സ്വത്തുണ്ടെന്നാണ് കുഴൽനാടന്റെ ആരോപണം. അത് എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.