തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളക്ക് പിന്നാലെ തൃശൂരിൽ സഹകരണ സംഘം ക്രമക്കേട് ആരോപണം വീണ്ടും. സി.പി.എം ഭരിക്കുന്ന നടത്തറയിലെ കാർഷിക -കാർഷികേതര തൊഴിലാളി സഹകരണ സംഘത്തിന്റെ ഭൂമി ഇടപാടിലാണ് ആരോപണം. സംഘം പ്രസിഡന്റായിരുന്നയാൾ സ്വന്തം പേരിൽ വാങ്ങിയ ഭൂമി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വാങ്ങിയതിന്റെ 20 ഇരട്ടിയിലധികം വിലയ്ക്ക് സഹകരണ സംഘത്തിന് വിറ്റതായാണ് ആരോപണം ഉയർന്നത്.
സി.പി.എം ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗമായ മൂര്‍ക്കനിക്കര സ്വദേശിയുടെ പേരിലുള്ള ഭൂമിയാണ് സഹകരണ സംഘത്തിന് വിറ്റത്. 2013 ജൂണ്‍ 25നാണ് 2.20 ലക്ഷം രൂപക്ക് മൂന്നര സെന്റ് സ്ഥലം വാങ്ങിയത്. അക്കാലത്ത് ഇദ്ദേഹം സംഘം പ്രസിഡന്റായിരുന്നു. 2015 ഫെബ്രുവരിയിൽ സംഘത്തിന് ഭൂമി വിറ്റത് 45.26 ലക്ഷം രൂപക്കാണ്. ഒന്നര വര്‍ഷംകൊണ്ട് ലാഭം 43 ലക്ഷത്തിലേറെ. നിലവില്‍ മൂര്‍ക്കനിക്കര സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗവുമാണ് ആരോപണം നേരിടുന്നയാൾ. അതേസമയം, ഇടപാടുകൾ സുതാര്യമാണെന്നും ഡയറക്ടർ ബോർഡും പാർട്ടി നേതൃത്വവും അറിഞ്ഞാണ് നടന്നതെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഭൂമിയിൽ കെട്ടിടം നിർമിച്ച ശേഷമാണ് സംഘത്തിന് കൈമാറിയതെന്നും അതാണ് വില കൂടാൻ കാരണമെന്നുമാണ് ന്യായീകരണം. അതേസമയം, സി.പി.എമ്മിൽ ഒരു വിഭാഗം ആരോപണം ഏറ്റെടുത്ത് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.