മലപ്പുറം: സഹകരണ സ്ഥാപനങ്ങളിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾക്കായി പൂഴ്ത്തിവെച്ച ഒഴിവുകൾ പുറത്തുചാടി. സഹകരണ സർവിസ് പരീക്ഷബോർഡിന് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ബാങ്കുകൾ വിവിധ തസ്തികകളിലായി രണ്ടര മാസത്തിനകം 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന വിവരം പുറത്തുവന്നത്. ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് 75ഉം സെക്രട്ടറി തസ്തികയിലേക്ക് 12ഉം ഡാറ്റ എൻട്രി തസ്തികയിലേക്ക് 11ഉം സിസ്റ്റം അഡ്മിനിസ്േട്രറ്റർ തസ്തികയിലേക്ക് ആറും ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഒരു ബാങ്കും നിയമനത്തിന് അപേക്ഷ നൽകിയതായി പരീക്ഷബോർഡ് അറിയിച്ചു. ബോർഡിെൻറ 2018 മേയ് 16ലെ വിജ്ഞാപനത്തിനുശേഷമാണ് ബാങ്കുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്.
പ്യൂണിന് മുകളിലുള്ള തസ്തികകളിലേക്കുള്ള നിയമനം പരീക്ഷബോർഡ് മുഖേന വേണമെന്നാണ് സഹകരണ ചട്ടം. ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾക്കായി വിവിധ സഹകരണ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചത് നിയമസഭയിലടക്കം വൻ വിവാദമായിരുന്നു. പ്യൂൺ തസ്തികയിൽ പരമാവധി ഒഴിവുണ്ടാക്കി നിയമനം നടത്താനാണ് ഭരണസമിതികൾക്ക് താൽപര്യം. പ്യൂണായി മൂന്നുവർഷം പൂർത്തിയായാൽ സ്ഥാനക്കയറ്റം നൽകാം. നിയമപ്രകാരം ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് നാല് ഒഴിവുകളിൽ പരീക്ഷബോർഡ് മുഖേന നിയമനം നടത്തുമ്പോൾ ഒരു ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് പ്യൂണിൽനിന്ന് നിശ്ചിത യോഗ്യതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകണം. എന്നാൽ, ചട്ടം ലംഘിച്ച് പ്യൂൺ തസ്തികയിലുള്ള എല്ലാവർക്കും സ്ഥാനക്കയറ്റം നൽകുകയും ജൂനിയർ ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുകയുമാണ് ചെയ്യുന്നത്.
പരീക്ഷബോർഡിന് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളാകെട്ട നാമമാത്രവും. ഒരു ഒഴിവുപോലും പരീക്ഷബോർഡിന് റിപ്പോർട്ട് ചെയ്യാത്ത അർബൻ സഹകരണ ബാങ്കുകളുണ്ട്. ഇത് വിവാദമായതോടെയാണ് പരീക്ഷബോർഡ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.