'സഹകരണ തട്ടിപ്പ്' എന്നാൽ ഇതാണ്!! ക്ലർക്കിന്റെ സമ്പത്ത് കണ്ടാൽ നിങ്ങൾ ഞെട്ടും

തിരുവനന്തപുരം: ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ് ഓരോ സഹകരണ സംഘങ്ങളിൽനിന്നും ഓരോദിവസവും പുറത്തുവരുന്നത്. അതിൽ തന്നെ വൈവിധ്യമായ പലതരം തട്ടിപ്പുകളുണ്ട്. തിരുവനന്തപുരം സ്റ്റാച്യൂ ചിറക്കുളം റോഡിലെ കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘത്തിൽ നടന്നത് അത്തരമൊരു 'വെറൈറ്റി' തട്ടിപ്പാണ്.

ഇവിടെ മാനേജറുടെ ചുമതലയുണ്ടായിരുന്ന ക്ലർക്ക് കിളിമാനൂർ സ്വദേശി രവിശങ്കർ വെട്ടിച്ചത് 12.16 കോടി രൂപ. 2000ത്തിൽ തുടങ്ങി 2012ൽ കണ്ടെത്തിയ തട്ടിപ്പിൽ മൊത്തം ബാധ്യത മുക്കിയത് 30.33 കോടി രൂപയെന്നാണ് കണക്കാക്കിയത്. ഇപ്പോഴും ഭാഗികമായി മാത്രമേ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുള്ളു. ഇതുവരെ നൽകിയത് 17 കോടി. 14 കോടി തിരിച്ചുകൊടുക്കാൻ കിടക്കുന്നു. രണ്ട് ടേമിലെ പ്രസിഡൻറുമാരും സെക്രട്ടറിമാരും രവിശങ്കറുമാണ് കുറ്റക്കാരെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

രവിശങ്കറിന് 189 പവൻ, കെട്ടിപ്പൊക്കിയത് ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ലക്സ്!!

ക്രൈംബ്രാഞ്ച് രവിശങ്കറിൽനിന്ന് പിടിച്ചെടുത്തത് 189 പവൻ സ്വർണം. കിളിമാനൂർ -മടവൂർ റൂട്ടിൽ രണ്ടര ഏക്കർ ഭൂമിയിൽ ഇദ്ദേഹം കെട്ടിപ്പൊക്കിയത് ഓഡിറ്റോറിയവും ഷോപ്പിങ് കോംപ്ലക്സും. പലതും ഭാര്യയുടെയും മാതാവിന്റെയും പേരിൽ. രണ്ടരയേക്കർ ഭൂമിയും അതിലെ കെട്ടിടങ്ങളും വ്യവസ്ഥകളോടെ കണ്ടുകെട്ടി.

തട്ടിപ്പിനിരയായ പൊന്നച്ചൻ

സഹകരണ സംഘത്തിൽനിന്ന് തട്ടിയെടുത്ത പണം കെ.എസ്.എഫ്.ഇയുടെ 33 ശാഖകളിലായി രവിശങ്കർ ചിട്ടി നിക്ഷേപവുമാക്കി. രവിശങ്കറിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ ഉൾപ്പെടെ 2,77,21,447 രൂപയുടെ ചിട്ടിനിക്ഷേപമുണ്ടെന്നും കണ്ടെത്തി.

പരിഭാന്ത്രരായ നിക്ഷേപകർ പണം തിരികെ ലഭിക്കാൻ സംഘത്തെ സമീപിച്ചെങ്കിലും അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു കോടിയിൽ താഴെ. കെ.എസ്.എഫ്.ഇയിൽനിന്ന് വിരമിച്ച പൊന്നച്ചൻ സംഘത്തിൽ നിക്ഷേപിച്ചത് 27 ലക്ഷത്തോളം രൂപ. മകളുടെ വിവാഹത്തിന് ഉൾപ്പെടെ കരുതിയ തുകയായിരുന്നു ഇത്. 

Tags:    
News Summary - Trivandrum ksfe staff Co-operative society fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.