തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് തുറമുഖങ്ങൾ ബന്ധിപ്പിച്ച് ‘കോസ്റ്റൽ ക്രൂസ്’ പദ്ധതി നടപ്പാക്കാൻ മാരിടൈം ബോർഡ്. അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്ക് താൽപര്യപത്രം ക്ഷണിച്ചു.
തുറമുഖങ്ങൾക്ക് ഐ.എസ്.പി.എസ് കോഡും ഇന്റർനാഷൻ ചെക്ക് പോയന്റ് (ഐ.സി.പി) സ്റ്റാറ്റസുമുള്ളതിനാൽ യാത്രാ-ടൂറിസം കപ്പൽ സർവിസുകൾക്ക് ഉപയോഗിക്കാനാവും. 590 കിലോമീറ്റർ വരുന്ന കേരള തീരം കപ്പൽ സർവിസുകൾക്ക് ഏറ്റവും അനുയോജ്യമാണെന്നാണ് മാരിടൈം ബോർഡ് വിലയിരുത്തൽ. 2022ൽ 1,92,12,963 ആഭ്യന്തര-വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചെന്നാണ് കണക്ക്.
ഇതിൽ 32.5 ശതമാനം പേരും തീരമേഖലയിലുള്ള ആലപ്പുഴ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെത്തി. തീരമേഖലയും തുറമുഖങ്ങളും പ്രയോജനപ്പെടുത്തിയുള്ള ക്രൂസ് ടൂറിസത്തിന്റെ സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ആധുനിക സൗകര്യങ്ങളുള്ള കപ്പൽ സജ്ജമാക്കൽ, അറ്റകുറ്റപ്പണി, ജീവനക്കാർ, യാത്രക്കാരുടെ സുരക്ഷ എന്നിവ കരാർ ഏറ്റെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണ്. ദേശീയ ജലപാത, കനാലുകൾ, പുഴകൾ, കായലുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയുള്ള ‘റിവർ-മറൈൻ ടൂറിസ’ത്തിന്റെ സാധ്യതകളും പരിശോധിക്കും. ജൂലൈ 29 വരെയാണ് താൽപര്യപത്രം സമർപ്പിക്കാനുള്ള സമയം.
ഓവർനൈറ്റ് ക്രൂസ്: രാത്രി കപ്പലിൽ താമസിക്കാൻ സൗകര്യങ്ങൾ. ഹൗസ് ബോട്ടുകൾക്ക് പ്രിയമേറുന്ന സാഹചര്യത്തിൽ കപ്പലിലെ രാവുകൾക്ക് സഞ്ചാരികൾ താൽപര്യം കാട്ടുമെന്നാണ് പ്രതീക്ഷ
ഡീപ് സീ അഡ്വഞ്ചർ ക്രൂസ്: ആഴക്കലിലേക്ക് യാത്രചെയ്യാനും സമുദ്രയാത്രയുടെ വിവിധതലങ്ങൾ അറിയാനും ആസ്വദിക്കാനുമുള്ള അവസരം. ഡൈവിങ്, മീൻപിടിത്തം തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.
സൺസെറ്റ് ഡിന്നർ ക്രൂസ്: സൂര്യോദയം മുതൽ അസ്തമയം വരെ കടലിലൂടെ യാത്ര ചെയ്ത് അത്താഴമടക്കം കഴിച്ച് കടലിലെ ‘വൺ ഡേ ട്രിപ്പ്’.
സ്പെഷൽ ഇവന്റ് ഹോസ്റ്റിങ്: വിവാഹം, കമ്പനികളുടെ യോഗങ്ങൾ, ജന്മദിനാഘോഷങ്ങൾ തുടങ്ങിയവക്കായി കപ്പലിൽ സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.