തിരുവനന്തപുരം: തീരദേശ പരിപാലന നിയമപ്രകാരം കെട്ടിട നിർമാണ അപേക്ഷകൾ എങ്ങനെ പരിഗണിക്കണമെന്ന വ്യക്തമായ നിർദേശം പുറത്തിറക്കിയിട്ടും തദ്ദേശസ്ഥാപനങ്ങൾ ഉരുണ്ടുകളിക്കുന്നു. തീരദേശ പരിപാലന അതോറിറ്റിയുടെ മാർഗനിർദേശം പ്രാബല്യത്തിലുണ്ടെങ്കിലും അപേക്ഷകളിൽ അനുകൂല സമീപനം സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് തീരമേഖലയിൽ നിന്ന് ഉയരുന്നത്.
ഉത്തരവ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് അപേക്ഷ പരിഗണിക്കാത്ത സ്ഥിതിയുമുണ്ട്. എറണാകുളം ജില്ലയിലെ ചില പഞ്ചായത്ത് സെക്രട്ടറിമാർ ഇത്തരത്തിൽ നിലപാടെടുത്തതായി പരാതി ഉയർന്നിരുന്നു. സി.ആർ.സെഡ് മേഖലയിലെ നിർമാണം സംബന്ധിച്ച് 2019 ജനുവരിയിൽ പുറത്തിറങ്ങിയ ഇളവുകൾ കേരളത്തിൽ ലഭ്യമാകുന്നതിനുള്ള ഉത്തരവ് 2024 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. തുടർന്ന്, ജില്ല തിരിച്ചുള്ള പ്ലാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നേരത്തേ നിർമാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളിൽ കൂടി ഇളവ് അനുവദിച്ചായിരുന്നു പ്ലാൻ. ഡിസംബർ ആദ്യവാരം കേരള തീര പരിപാലന അതോറിറ്റി നടത്തിപ്പ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
സി.ആർ.ഇസെഡ് 2, 3-എ, 3 ബി വിഭാഗത്തിൽപെട്ട പ്രദേശങ്ങളിൽ വീട് നിർമാണത്തിന് ലഭിക്കുന്ന അപേക്ഷകളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ളവ തദ്ദേശസ്ഥാപനങ്ങൾ പരിഗണിക്കാനും നിബന്ധനകൾ പാലിച്ച് അനുമതി നൽകാനും ഇതിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിൽ പറഞ്ഞ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുന്നവരോട് അനുകൂല സമീപനമല്ല ഉണ്ടാകുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പത്തുലക്ഷത്തോളം പേർക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കേണ്ടത്.
അതേസമയം ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങൾ ക്രോഡീകരിച്ച് മൂന്നുമാസത്തിലൊരിക്കൽ ജില്ലതല കമ്മിറ്റിക്ക് സമർപ്പിക്കണമെന്നതടക്കമുള്ള നിർദേശങ്ങളുള്ളതിനാൽ സൂക്ഷ്മമായി പരിശോധിച്ചശേഷമേ അപേക്ഷകൾ തീർപ്പാക്കാൻ കഴിയൂവെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.
പ്ലാനിലെ പല വ്യവസ്ഥകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന വിമർശനവുമുണ്ട്. തീരദേശ പരിപാലന പ്ലാനിന് കേന്ദ്രം അംഗീകാരം നൽകിയെങ്കിലും ജില്ല തിരിച്ച പ്ലാൻ പ്രസിദ്ധീകരിക്കുന്നത് വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്ലാൻ വന്നതോടെ, പ്രശ്നപരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആശങ്ക ഒഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.